മഴയാണ്, റോഡിൽ പായരുത്
text_fieldsപെരുമഴയാണ്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും പെെട്ടന്ന് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കാലവർഷം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന മോട്ടോർ വാഹന വകുപ്പും വാഹനയാത്രക്കാർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവിങ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലമെന്നും കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉത്തമമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
തുറന്നു കിടക്കുന്ന ഓടകളും മാൻഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. യാത്രകള്‍ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കാൻ സഹായിക്കും. റോഡില്‍ വെള്ളക്കെട്ടുള്ളപ്പോള്‍ (അത് ചെറിയ അളവില്‍ ആണെങ്കിലും) അതിനുമുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
മഴയാത്രയിൽ മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീല്‍ഡില്‍ അടിച്ച് കാഴ്ചക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ല, മുന്നിലെ വാഹനത്തിന്റെ ബ്രേക്ക് ലൈറ്റ് അവർ ബ്രേക്കിടുമ്പോൾ, തെളിയാതിരിക്കുന്നതും അപകടക്കെണിയാണ്. സാധാരണ ഗതിയിൽ മുന്നിലെ വാഹനം ബ്രേക്ക് ഇടുകയാണ് എന്ന് പുറകിലെ വാഹന ഡ്രൈവർക്ക് മനസ്സിലാകണമെങ്കിൽ ബ്രേക്ക് അമർത്തുമ്പോൾ ലൈറ്റ് തെളിയണം. അല്ലാത്ത പക്ഷം മുമ്പെ പുറകെ തൊട്ടുരുമ്മിയുള്ള യാത്രയിൽ ‘ഇടി’ ഉറപ്പാണ്.
.

