മാന്വൽ വേണോ, ഓട്ടോമാറ്റിക്കോ? തീരുമാനമെടുക്കാം
text_fieldsഇതിന് കൃത്യമായ ഉത്തരം സാധ്യമല്ല. ഏതാണ് മികച്ചത് എന്നത് ഓരോരുത്തരുടെയും ഡ്രൈവിങ് രീതികളും ശീലങ്ങളും ഉപയോഗവും സ്ഥിരമായി വാഹനം ഓടിക്കുന്ന റൂട്ടും താരതമ്യം ചെയ്ത് ഡ്രൈവ് ചെയ്യുന്ന ആളുകൾ തന്നെ വിലയിരുത്തി യോജിച്ച വാഹനം തിരഞ്ഞെടുക്കുന്നതാകും നല്ലത്.
വഴിയിൽ കാണുന്ന ആളുകൾ നൂറ് അഭിപ്രായം പറഞ്ഞെന്നിരിക്കും. അവരൊന്നും നമ്മുടെ വാഹനം ഒരിക്കൽപോലും ഉപയോഗിക്കുന്നവരല്ലാത്തതു കൊണ്ട് നിങ്ങളുടെ ഫാമിലി, അടുത്ത സുഹൃദ് വലയങ്ങളിൽ മാത്രം ചർച്ച നടത്തി വേണം ഗിയറുള്ളത് വേണോ, ഇല്ലാത്തതു വേണോ എന്ന് തീരുമാനിക്കാൻ.
വാഹന ഷോറൂമിൽ നിൽക്കുന്നവർക്ക് എല്ലാം അറിയാമായിരിക്കും, അവരോട് ചോദിച്ച് തീരുമാനമെടുക്കാം എന്ന് ഒരു കാരണവശാലും ചിന്തിക്കരുത്. തുണിക്കടയിൽ ഡ്രസ് എടുക്കാൻ ചെല്ലുമ്പോൾ ‘ഈ ഡ്രസ് നന്നായി ചേരുമെന്ന്’ പറയുന്ന സെയിൽസ് സ്റ്റാഫിന്റെ രീതിതന്നെയാകും വാഹന ഷോറൂമുകളിലും. അതിനാൽ എന്താണ് നമ്മുടെ ആവശ്യം എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള വണ്ടി ഉറപ്പാക്കിയ ശേഷം ഷോറൂമിൽ പോകുന്നതാകും ഉത്തമം.
ഏതു വേണം, വേണ്ട എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമെടുക്കാൻ പറ്റുന്നില്ലെങ്കിൽ ചെറിയ ടിപ്സ്
- രൂക്ഷമായ ട്രാഫിക്കിൽ കൂടുതൽ സഞ്ചരിക്കുന്നവർക്ക് മികച്ചത് ഓട്ടോമാറ്റിക്
- ലോ ബജറ്റിൽ കൂടുതൽ മൈലേജ് ആഗ്രഹിക്കുന്നവർക്ക് മാന്വൽ
- ഡ്രൈവിങ്ങിൽ കൂടുതൽ അനുഭൂതിയും കൺട്രോളും ആഗ്രഹിക്കുന്നവർക്ക് മാന്വൽ
- മടിയൻമാരായ, പണിയെടുക്കാൻ ഇഷ്ടപ്പെടാത്ത ഡ്രൈവിങ് ആഗ്രഹിക്കുന്നവർക്ക് ഓട്ടോമാറ്റിക്.

