Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസമ്മർദവും ​​സ്ക്രീനും...

സമ്മർദവും ​​സ്ക്രീനും വില്ലൻ: 35 നും 45നുമിടയിലുള്ളവരുടെ ഹൃദയാരോഗ്യം അപകടത്തിൽ

text_fields
bookmark_border
സമ്മർദവും ​​സ്ക്രീനും വില്ലൻ: 35 നും 45നുമിടയിലുള്ളവരുടെ ഹൃദയാരോഗ്യം അപകടത്തിൽ
cancel

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 35നും 45നും ഇടയിൽ പ്രായമുള്ള ജീവനക്കാർക്കിടയിൽ ഹൃദയസംബന്ധമായ അപകടസാധ്യതയിൽ 70 ശതമാനം കുതിച്ചുചാട്ടമുണ്ടായതായി റിപ്പോർട്ടുകൾ. 30,000ത്തിലധികം ജീവനക്കാരെ പ​ങ്കെടുപ്പിച്ച് നടത്തിയ പഠനത്തിൽ ഹൃദ്രോഗികളിൽ 40 ശതമാനം വർധനവും രേഖപ്പെടുത്തി. വിട്ടുമാറാത്ത സമ്മർദവും കഠിനമായ ജോലിയും സമയക്രമവുമാണ് ഇതിന് പ്രധാന കാരണങ്ങളായി കണ്ടെത്തിയത്.

ഇന്ത്യയിലെ ഇരുപതിലധികം പ്രധാന കോർപറേറ്റുകളിലെ 30,000ത്തിലധികം ജീവനക്കാരുടെ ഡാറ്റ വിശകലനം ചെയ്താണ് ഇന്ത്യയിലെ എ.​ഐ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ ‘എകിൻകെയർ’ ഈ കണ്ടെത്തലുകൾ നടത്തിയത്. ഈ വർധനവ് പ്രൊഫഷനലുകൾക്കിടയിലെ വർധിച്ചുവരുന്ന ആരോഗ്യപ്രശ്‌നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനായി ജോലിസ്ഥലങ്ങളിൽ നേരത്തെയുള്ള സ്ക്രീനിങ്ങും പ്രതിരോധ നടപടികളും അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ചെറിയ പട്ടണങ്ങളിലെ ജീവനക്കാരെ അപേക്ഷിച്ച് മെട്രോ നഗരങ്ങളിലെ ജീവനക്കാരിലാണ് കൂടുതൽ പ്രശ്നങ്ങൾ കാണപ്പെടുന്നത്. മെട്രോ നഗരങ്ങളിലെ 65 ശതമാനം ആളുകൾ ദിവസവും 30 മിനിറ്റിൽ താഴെ മാത്രമാണ് വ്യായാമങ്ങളിൽ ഏർപ്പെടുന്നത്. തുടർച്ചയായി ഇരുന്നുള്ള ജീവിതശൈലിയും ഉയർന്ന സ്ക്രീൻ സമയവും ചേരുമ്പോൾ നഗരങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ വഷളാവുന്നു.

ശരിയല്ലാത്ത ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ഡിജിറ്റൽ ഓവർലോഡ്, ക്രമം തെറ്റിയ ദിനചര്യകൾ തുടങ്ങിയവ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുന്നതിന് കാരണമാണ്. സംസ്കരിച്ച ഭക്ഷണങ്ങളെ ആശ്രയിക്കുന്നതും സമയം തെറ്റിയുള്ള ഉറക്കവും യുവ പ്രൊഫഷണലുകൾക്കിടയിലെ കാർഡിയാക് പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ വൈറ്റ്‌കോളർ പ്രൊഫഷനലുകൾക്കിടയിൽ ജോലിസ്ഥലത്തെ സമ്മർദം എപ്പോഴും കൂടുതലാണ്. അതിനാൽ ചെറുപ്പത്തിൽ തന്നെ ആളുകളിൽ അപകടസാധ്യതക്കുള്ള ഘടകങ്ങൾ രൂപപ്പെടുന്നു. ഇത്തരം പ്രവണതകൾ തുടരുകയാണെങ്കിൽ ഭാവിയിൽ നേരത്തെയുള്ള ഹൃദ്രോഗങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് അനുസരിച്ച് ഇക്കാലത്ത് അഞ്ചിൽ ഒരു ജീവനക്കാരനെങ്കിലും രക്താതിമർദം അഥവാ ഹൈപർടെൻഷൻ ബാധിക്കുന്നുണ്ട്. 30നും 40നും ഇടയിൽ പ്രായമുള്ളവരിൽ 38 ശതമാനം പേർക്കും ഉയർന്ന അളവിൽ കൊളസ്ട്രോൾ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിലെ ജീവനക്കാർക്കിടയിൽ പൊണ്ണത്തടിയും വർധിക്കുന്നുണ്ട്. ഈ നില തുടരുകയാണെങ്കിൽ തൊഴിലുടമകൾക്ക് ഉൽപാദനക്ഷമതയിൽ കുറവ് അനുഭവപ്പെടും.

അപകടസാധ്യത കുറക്കാൻ ജോലിസ്ഥലത്തെ ശ്രമങ്ങൾ

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ചില കമ്പനികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച്, നിരവധി സ്ഥാപനങ്ങൾ അവരുടെ വെൽനസ് പ്രോഗ്രാമുകൾ വിപുലീകരിച്ചു. ഇതിൽ ഒ.പി.ഡി ആനുകൂല്യങ്ങൾ, കാർഡിയോളജി കൺസൾട്ടേഷനുകളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം, പോഷകാഹാര കൗൺസിലിങ്, സമ്മർദം ലഘൂകരിക്കുന്നതിനുള്ള വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്.

ആരോഗ്യ പരിശോധനകൾ നിർബന്ധമാക്കുകയും സ്പോൺസർ ചെയ്യുകയും കൂടി ആകുമ്പോൾ ജീവനക്കാർക്കിടയിലെ പങ്കാളിത്ത നിരക്ക് 50 മുതൽ 55 ശതമാനം വരെയായി ഉയരുന്നുണ്ട്.

ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ എൻഗേജ്മെന്റ് രീതികളും ചില കമ്പനികൾ സ്വീകരിക്കുന്നുണ്ട്. ഇതിൽ ആപ്പ് റിമൈൻഡറുകൾ, ഗെയിമിഫൈഡ് സ്റ്റെപ്പ്-കൗണ്ട് വെല്ലുവിളികൾ എന്നിവയും ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthHeartdiseasehealthcarefitnessExercisephysiquedigital useUnhealthy Food
News Summary - Unhealthy habits will lead you into heart patient
Next Story