ഹൃദയാഘാതം: സ്ക്രീനിങ്ങിന്റെ പ്രാധാന്യം
text_fieldsലോകമെങ്ങും മരണനിരക്കുകളിലേക്ക് നയിക്കുന്ന രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹൃദയാഘാതം (മയോകാർഡിയൽ ഇൻഫ്രാക്ഷൻ). ആധുനിക വൈദ്യശാസ്ത്രം വലിയ തോതിലുള്ള മുന്നേറ്റങ്ങൾ നടത്തിയിട്ടും ഹൃദയസംബന്ധമായ രോഗാവസ്ഥകൾക്കുള്ള ചികിത്സാരീതികൾ എന്നത്തേതിനേക്കാളും പുരോഗതി പ്രാപിച്ചിട്ടും ഹൃദയാഘാതത്തിന്റെ നിരക്കും അനുബന്ധമായ മരണനിരക്കും കുറവില്ലാതെ തുടരുകയാണ്.
ഇതിനുള്ള പ്രധാന കാരണം രോഗസാധ്യത നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാത്തതാണ്. കൃത്യമായ സ്ക്രീനിങ് നടത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയുമാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്.
സ്ക്രീനിങ്ങിന്റെ പ്രാധാന്യം
മുന്നറിയിപ്പ് നൽകാതെ വരുന്ന അതിഥിയെപ്പോലെയാണ് ഹൃദയാഘാതം. എന്നാൽ, ഈ അതിഥിയെ കൃത്യമായി നിരീക്ഷിച്ചാൽ കടന്നുവരവിനെ പ്രതിരോധിക്കാൻ സാധിക്കും. രക്താതിസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി ശീലം തുടങ്ങിയവ ഉള്ളവരിൽ കാർഡിയോവാസ്കുലാർ സംവിധാനം കാലക്രമേണ തകരാറിലായിത്തുടങ്ങും. ഇനി പറയുന്ന കാര്യങ്ങളാണ് സ്ക്രീനിങ്ങിലൂടെ പ്രധാനമായും നിർവഹിക്കാൻ സാധിക്കുന്നത്.
1. അപകട സാധ്യത തിരിച്ചറിയാം:
കൊളസ്ട്രോൾ, പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയവയിലുള്ള വ്യതിയാനങ്ങളും അവ ഹൃദയത്തിന് വരുത്തുന്ന കേടുപാടുകളും തിരിച്ചറിയുകയും കൃത്യമായി ചികിത്സ നടത്തി അപകടസാധ്യതയെ അതിജീവിക്കുകയും ചെയ്യാം.
2. ജീവിതശൈലി അപകടങ്ങൾ:
ഭക്ഷണക്രമീകരണത്തിലെ പാളിച്ചകൾ ഉണ്ടെങ്കിൽ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക, വ്യായാമങ്ങൾ ക്രമീകരിക്കുക, പുകവലി-മദ്യപാനം പോലുള്ള ശീലങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങിയവയിലൂടെ ജീവിതശൈലിയിലെ അപകടങ്ങളെ അതിജീവിക്കാനാകും.
3. മുന്നറിയിപ്പുകൾ തിരിച്ചറിയാം:
ധമനികളിൽ സംഭവിക്കുന്ന തടസ്സങ്ങൾ, ഹൃദയത്തിന്റെ താളക്രമത്തിലെ വ്യത്യാസങ്ങൾ തുടങ്ങിയവ പരിശോധനകളിലൂടെ തിരിച്ചറിയുകയും അവയെ അതിജീവിക്കാനാവശ്യമായ ചികിത്സകൾ സ്വീകരിക്കുകയും ചെയ്യാം. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
4. വ്യക്തിഗതമായ പ്ലാനുകൾ തയാറാക്കാം:
ഓരോ വ്യക്തിയുടെ ആരോഗ്യനിലയും, ജീവിതശൈലിയും, രോഗസാധ്യതയും, ഹൃദയാഘാതത്തിലേക്ക് നയിക്കാനിടയുള്ള മറ്റ് രോഗാവസ്ഥകളുടെ സാന്നിധ്യവുമെല്ലാം സ്ക്രീനിങ്ങിലൂടെ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും.
പൊതുവായ സ്ക്രീനിങ് ടെസ്റ്റുകൾ
രക്താതിസമ്മർദം തിരിച്ചറിയാനുള്ള
പരിശോധന
കൊളസ്ട്രോൾ, ലിപ്പിഡ് പ്രൊഫൈൽ
പ്രമേഹ പരിശോധന
ഇ.സി.ജി
ഇക്കോ കാർഡിയോഗ്രാം/സ്ട്രെസ്സ് ടെസ്റ്റ്
കൊറോണറി കാത്സ്യം സ്കോറിങ് (സി.ടി സ്കാൻ)
ആരൊക്കെയാണ് സ്ക്രീനിങ്ങിന് വിധേയരാകേണ്ടത്?
40 വയസ്സുകഴിഞ്ഞ എല്ലാവരും (പ്രത്യേകിച്ച് പുരുഷന്മാർ) കൃത്യമായ ഇടവേളകളിൽ സ്ക്രീനിങ്ങിന് വിധേയരാകണം. നേരത്തെ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയാഘാതം സംഭവിച്ചവർ, പ്രമേഹം, അമിതവണ്ണം, രക്താതിസമ്മർദം തുടങ്ങിയവയുള്ളവർ, പുകവലിക്കുന്നവർ, ശാരീരിക അധ്വാനം കുറവുള്ളവർ എന്നിവർ നിർബന്ധമായും കൃത്യമായ ഇടവേളകളിൽ സ്ക്രീനിങ് നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

