Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightആക്ടീവ് മോഡിൽ പുഷ്...

ആക്ടീവ് മോഡിൽ പുഷ് ചെയ്യൂ, സന്തോഷിക്കൂ; തലച്ചോറിനെ ആക്ടീവാക്കാൻ എട്ട് ശീലങ്ങൾ

text_fields
bookmark_border
ആക്ടീവ് മോഡിൽ പുഷ് ചെയ്യൂ, സന്തോഷിക്കൂ; തലച്ചോറിനെ ആക്ടീവാക്കാൻ എട്ട് ശീലങ്ങൾ
cancel

തലച്ചോറിനെ പരിപാലിക്കാൻ വലിയ മാറ്റങ്ങൾ ആവശ്യമില്ല. എല്ലാ ദിവസവും ചെറിയ സ്ഥിരമായ ശീലങ്ങൾ മാത്രം മതി. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെപ്പോലെ തലച്ചോറിനും ദൈനംദിന പരിചരണം ആവശ്യമാണ്. ആരോഗ്യമുള്ള തലച്ചോറ് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവയുടെ സാധ്യത കുറക്കുക മാത്രമല്ല ഓർമ, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ സന്തുലിതമായി നിർത്തുകയും ചെയ്യുന്നു. ചെറിയ ജീവിതശൈലി മാറ്റങ്ങൾ വലിയ മാറ്റമുണ്ടാക്കും. പ്രായമേറും തോറും തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമതയും കുറയുക മിക്കവരിലും സാധാരണമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ചിട്ടയായി ചെയ്താല്‍ തലച്ചോറിന്‍റെ ചെറുപ്പം നമുക്ക് ഒരു പരിധി വരെ കാത്തുസൂക്ഷിക്കാനാകും. വ്യായാമം മുതല്‍ കൃത്യമായ ഭക്ഷണക്രമം വരെ ഈ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഫോർട്ടിസ് ഓഖ്‌ലയിലെ ന്യൂറോളജി കൺസൾട്ടന്‍റായ ഡോ. നേഹ പണ്ഡിത തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള പത്ത് ദൈനംദിന ശീലങ്ങൾ പങ്കുവെക്കുന്നു.

1. സമീകൃതാഹാരം കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, തവിടുപൊടി ധാന്യങ്ങൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം, ചണവിത്ത് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇവ തലച്ചോറിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ പംപ്കിന്‍ സീഡ് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതുപോലെ മുട്ടയിലെ മഞ്ഞക്കരുവില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക്‌ ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡുകള്‍ നിങ്ങളുടെ ജ്ഞാനശക്തി വര്‍ധിപ്പിക്കുന്നു. ഫ്ലവനോയ്ഡുകള്‍ തലച്ചോറില്‍ പുതിയ ന്യൂറോണുകള്‍ നിര്‍മിക്കുന്നു. ഒപ്പം ഓര്‍മശക്തിയും മെച്ചപ്പെടുത്തും.

2. ശാരീരികമായി സജീവമായിരിക്കുക

വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ഓർമശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുന്നവരുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് ചെയ്യാത്തവരെക്കാളും കൃത്യതയും വേഗതയും കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലെ ഓര്‍മകോശമായ ഹിപ്പോക്യാപസിന്‍റെ അളവ് വർധിക്കും. 30 മിനിറ്റ് നടത്തം പോലും മാറ്റമുണ്ടാക്കും.

3. ആവശ്യത്തിന് ഉറങ്ങുക

ഉറക്കം തലച്ചോറിനുള്ള ഒരു റീസെറ്റ് ബട്ടൺ പോലെയാണ്. ഏകാഗ്രതയും പഠനശേഷിയും മെച്ചപ്പെടുത്തുന്നതിന് ദിവസവും 7–8 മണിക്കൂർ ഉറങ്ങണം. പതിവായുള്ള ഉറക്കമില്ലായ്മ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും. ഒരു ദിവസത്തെ മാനസിക, ശാരീരിക സമ്മര്‍ദം നീക്കുന്നതിനും പിരിമുറുക്കം ഒഴിവാക്കി ശരീരത്തിന് പുതുജീവന്‍ നല്‍കുന്നതും ഉറക്കം തന്നെയാണ്. കൃത്യമായ ദൈര്‍ഘ്യമുള്ള ഉറക്കം ഉറപ്പാക്കുക വഴി തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.

4. പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക

വായന, പസിലുകൾ, ഭാഷ പഠിക്കൽ, അല്ലെങ്കിൽ ഉപകരണം വായിക്കൽ തുടങ്ങിയ പുതിയ പ്രവർത്തനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ തലച്ചോറിനെ ആക്ടീവാക്കാം. ഇത് തലച്ചോറിനെ വഴക്കമുള്ളതായി നിലനിർത്തുന്നു. മസ്തിഷ്കത്തിന് പ്രായത്തിനനുസരിച്ച് പഠിക്കാനും വളരാനുമുള്ള കഴിവുണ്ട്. ഇതാണ് ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity). ഒരു ഭാഷയോ അല്ലെങ്കിൽ മ്യൂസിക് ഉപകാരണമോ ചെറുപ്പകാലത്തു പഠിക്കുന്നത് തലച്ചോറിന്റെ വളർച്ചയെ സഹായിക്കുമെന്ന് മാത്രമല്ല, പ്രായമാവുമ്പോൾ അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കഴിയും.

5. യോഗയും ധ്യാനവും

എല്ലാ വിധം രോഗങ്ങള്‍ക്കും പ്രതിരോധമോ ശമനമോ ആയി ഇപ്പോള്‍ പരക്കെ പറയുന്ന കാര്യമാണ് യോഗ. മറ്റെന്തിന് ഉപകരിച്ചാലും ഇല്ലെങ്കിലും തലച്ചോറിന് യോഗയും ധ്യാനവും ഗുണം ചെയ്യുമെന്നത് തീര്‍ച്ചയാണ്. ഹാര്‍വാര്‍ഡ് ഉള്‍പ്പടെയുള്ള സര്‍വകലാശാലകളില്‍ വരെ ഇക്കാര്യം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിന്‍റെ കോശങ്ങള്‍ വികസിക്കുന്നതിനും ഓര്‍മ മെച്ചപ്പെടുന്നതിനും പതിവായി യോഗ ചെയ്യുന്നത് നല്ലതാണ്.

6. സാമൂഹികമായി ബന്ധം നിലനിർത്തുക

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും തലച്ചോറിനെ സജീവമാക്കി നിർത്തും. കൂടാതെ ഏകാന്തതയുടെ വികാരങ്ങൾ കുറക്കും. വെല്ലുവിളികളെ നേരിടാനും പ്രായമാകുമ്പോൾ സംഭവിക്കുന്ന സാമൂഹിക ഒറ്റപ്പെടലിൽനിന്നുംരക്ഷപ്പെടാനും ഇത് സഹായിക്കുന്നു. ഇത് ഒരു വ്യക്തിയെ കംഫർട്ട് സോണിൽനിന്ന് പുറത്താക്കുകയും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. മാറ്റങ്ങളുമായി പൊരുത്തപ്പെടാനും സഹായിക്കുന്നു.

7. മദ്യം, പുകവലി ഒഴിവാക്കുക

മദ്യപാനവും പുകവലിയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കും. കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവും സംഘടനാ വൈദഗ്ധ്യവും കുറയുന്നു എന്നതോടൊപ്പം മാനസികാവസ്ഥയിലും ഏകാഗ്രതയിലും മാറ്റങ്ങള്‍, ഉറക്കമില്ലായ്മ, വിഷാദാവസ്ഥ, ഊര്‍ജ്ജ നിലയിലെ മാറ്റങ്ങള്‍, ഓർമകുറവ് ഉള്‍പ്പെടെയുള്ള പലതും സംഭവിക്കാം. മദ്യപാനം പരിമിതപ്പെടുത്തുന്നതും പുകവലി ഉപേക്ഷിക്കുന്നതും ദീർഘകാല തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു.

8. ജലാംശം നിലനിർത്തുക

തലച്ചോറ് ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ഉണർന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരത്തിന്‍റെ 60 ശതമാനവും വെള്ളമാണ്, അത് ശരിയായി പ്രവർത്തിക്കാൻ വെള്ളം അത്യാവശ്യമാണ്. ജലാംശം നിലനിർത്തുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിന് എളുപ്പത്തിൽ രക്തം പമ്പ് ചെയ്യാനും പേശികൾ കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brainExercisediet foodHealth habits
News Summary - Everyday Habits To Keep Your Brain Healthy
Next Story