ഷാർജ ഗ്ലോബൽ അവാർഡ് ജി.ഡി.ആർ.എഫ്.എ ടീമിനെ ആദരിച്ചു
text_fieldsദുബൈ: സ്ഥാപനപരമായ മികവ് തെളിയിച്ച ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ടീമിനെ ആദരിച്ചു. ഷാർജയിൽ നടന്ന 12-ാമത് ഇന്റർനാഷണൽ ഗവ. കമ്മ്യൂണിക്കേഷൻ ഫോറത്തിൽ ടീം മികച്ച സംയോജിത ആശയവിനിമയ സംവിധാനത്തിനുള്ള അവാർഡ് നേടിയതിനാണ് ആദരമൊരുക്കിയത്. ജി.ഡി.ആർ.എഫ്.എ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ടീമിനെ അഭിനന്ദിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, യു.എ.ഇ ജേണലിസ്റ്റ്സ് അസോസിയേഷൻ ചെയർപേഴ്സൺ ഫാദില അൽ മഈനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയിൽ നിന്ന് ജി.ഡി.ആർ.എഫ്.എയുടെ ഭാഗത്ത് നിന്ന് ലഫ്. ജനറൽ അൽ മർറിയാണ് അവാർഡ് ഏറ്റുവാങ്ങിയത്.
സ്ഥാപനത്തിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിൽ നവീകരണാത്മക ആശയവിനിമയ പദ്ധതികൾ നിർണായക പങ്കുവഹിച്ചുവെന്നും സുതാര്യതയും മനുഷ്യകേന്ദ്രിത ഇടപെടലുകളും ചേർന്ന സംവിധാനമാണ് അംഗീകാരം നേടാൻ കാരണമായതെന്നും ലഫ്. ജനറൽ അൽ മർറി പറഞ്ഞു. ‘ഐഡിയൽ ഫേസ്’, ‘വീ ആർ ഹിയർ’, ‘ഫോർ യു’ എന്നീ പദ്ധതികൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ ഇതിനകം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയതായി അധികൃതർ വ്യക്തമാക്കി. ഭാവിയിലും നവീന പദ്ധതികളിലൂടെ ദുബൈയെ വിശ്വാസത്തിന്റെയും നവീകരണത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും പ്രധാന കേന്ദ്രമായി ഉയർത്തിക്കൊണ്ടുപോകുക ലക്ഷ്യമാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

