എം.എസ്.എസ് യൂത്ത് ഫെസ്റ്റിവൽ ലോഗോ പ്രകാശനം
text_fieldsദുബൈ: മോഡൽ സർവിസ് സൊസൈറ്റി ‘യു.എ.ഇ വിഷൻ 2031’ എന്ന ലക്ഷ്യത്തോടെ സേവനരംഗത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വിപുലമായ വർക്ഷോപ് സംഘടിപ്പിച്ചു. രാവിലെ 10 മുതൽ നാലുവരെ ദുബൈ വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ എം.എസ്.എസിന്റെ 200ഓളം വളന്റിയർമാർ പങ്കെടുത്തു.
എം.എസ്.എസ് ചെയർമാൻ ഫയാസ് അഹമ്മദ് ‘വിഷൻ 2031’ മാർഗരേഖ അവതരിപ്പിച്ചു. വരുന്ന നാല് വർഷക്കാലത്തേക്ക് എം.എസ്.എസ് സബ് കമ്മിറ്റികൾ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളും 11ഓളം സബ് കമ്മിറ്റികൾ ആകർഷകമായ പ്രോജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. എം.എസ്.എസ് യൂത്ത് വിങ്, വിമൻ എംപവർമെന്റ്, ഫുഡ് ആൻഡ് കെയർ, ലേബർ വെൽഫെയർ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, കരിയർ ഗൈഡൻസ്, ഹെൽത്ത് ആൻഡ് വെൽനസ്, ജനറൽ പ്രോഗ്രാം ആൻഡ് നാഷനൽ ഇൻക്ലൂഷൻ തുടങ്ങിയ മേഖലകളിലെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളും പദ്ധതികളും തയാറാക്കി. പ്രശസ്ത മോട്ടിവേഷനൽ സ്പീക്കറും പരിശീലകനുമായ ഡോ. സംഗീത് ഇബ്രാഹിം വർക് ഷോപ്പിന് നേതൃത്വം നൽകി. ഡോ. സാക്കിർ കെ. മുഹമ്മദ് എം.എസ്.എസ് യൂത്ത് ഫെസ്റ്റിന്റെ ഫ്ലെയർ പ്രകാശനം ചെയ്തു. എം.എസ്.എസ് ചെയർമാൻ ഫൈയാസ് അഹ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ നസീർ അബൂബക്കർ സ്വാഗത ഭാഷണം നടത്തി. എം.എസ്.എസ് ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, ട്രഷറർ അബ്ദുൽ മുത്തലിഫ്, ജനറൽ കൺവീനർ ടി.വി. ഉമ്മർ എന്നിവർ വർക്ക്ഷോപ് നിയന്ത്രിച്ചു. വിമൻ എംപവർമെന്റ് പ്രോഗ്രാമുകൾക്ക് സമിയ്യ ഷംസുദ്ദീൻ നേതൃത്വം നൽകി.

