കൗതുകമായി കാക്കയുടെ ‘ഹൈടെക്’ കൂടുനിർമാണം
text_fieldsഷാര്‍ജ: മാളിന്റെ ഡ്രെയിനേജ് പൈപ്പുകൾക്കിടയിൽ ‘ഹൈടെക്’ രീതിയിൽ കൂടൊരുക്കാനുള്ള കാക്കയുടെ ശ്രമം പ്രവാസികളിൽ കൗതുകമുണർത്തുന്നു.
ഷാർജയിലാണ് ഏറെ പ്രത്യേകതകളുള്ള കാക്കക്കൂട് നിർമാണം പുരോഗമിക്കുന്നത്. മുട്ടയിടാറാകുമ്പോൾ സാധാരണ മരത്തിലും തെങ്ങിലുമൊക്കെയാണ് ഇവ കൂടൊരുക്കാറ്.
പക്ഷേ, ഇവിടെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ അതിപ്രസരം മൂലം മരങ്ങൾ നന്നേ കുറവായതോടെ പുതിയ രീതി തിരഞ്ഞെടുക്കുകയായിരുന്നു.
മരച്ചില്ലകൾക്കുപകരം കൂട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് വസ്ത്രങ്ങൾ തൂക്കിയിടാൻ ഉപയോഗിക്കുന്ന ഹാംഗറുകളാണ്.
ഈ ഹാങ്കറുകൾ എൻജിനീയറിങ് വൈദഗ്ധ്യത്തോടെ ഡ്രെയിനേജ് പൈപ്പുകൾക്കിടയിൽ ക്രമീകരിച്ചാണ് കൂടിന്റെ നിർമാണം.
അലക്കു കടകളിൽനിന്ന് വസ്ത്രങ്ങൾക്കൊപ്പം ലഭിക്കുന്ന ഇരുമ്പ് ഹാംഗറുകൾ പ്രദേശവാസികൾ ഉപേക്ഷിച്ചത് കാക്കക്ക് സഹായകമായി.
കൂടുതല്‍ ഹാംഗറുകള്‍ ശേഖരിച്ച് കൂടിന്റെ നിർമാണം പൂര്‍ത്തിയാകുന്നതോടെ കാക്ക മുട്ടയിടലിലേക്ക് കടക്കും.
മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക് പുതിയ കാലത്തിന്റെ ആധുനിക കാക്കക്കൂട് മറ്റൊരു അനുഭവമായിരിക്കും. ബുദ്ധിയില്‍ പണ്ടേ മിടുക്കരായ കാക്കകള്‍ വരും തലമുറക്കും തങ്ങളുടെ ‘ബൗദ്ധിക നിലവാരം’ കൈമാറുന്ന കാഴ്ചയാണ് ഷാര്‍ജ ബുത്തീനയിലെ ഈ മാളില്‍നിന്നും കാണുന്നത്.

