സ്പെഷൽ ഒളിമ്പിക്സിന് 1.10 കോടി ഡോളർ ഗ്രാന്‍ഡ്
text_fieldsഅബൂദബി: എമിറേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്സ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഇന്‍ക്ലൂഷന്‍ ഇന്‍ എജ്യൂക്കേഷന്‍ 1.10 കോടി യു.എസ് ഡോളര്‍ ഗ്രാന്‍ഡ് പ്രഖ്യാപിച്ച് മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്റി. ബുദ്ധിപരമായ വൈകല്യമുള്ളവരും അല്ലാത്തവരുമായ യുവാക്കളുടെ സാമൂഹിക ഉൾകൊള്ളലിനെ മുന്നോട്ട് കൊണ്ടുപോകുന്ന പരിവര്‍ത്തന പരിപാടിയായ യൂനിഫൈഡ് ചാമ്പ്യന്‍ സ്കൂള്‍സ്(യു.സി.എസ്) സംരംഭം വ്യാപിപ്പിക്കുന്നതിനായാണ് സായിദ് ഫൗണ്ടേഷന് സഹായധനം നല്‍കുന്നത്.
സായിദ് ഫൗണ്ടേഷന് നല്കുന്ന ഗ്രാന്‍ഡിലൂടെ യു.സി.എസിന് 10 പുതിയ രാജ്യങ്ങളില്‍ കൂടി പദ്ധതി ആരംഭിക്കാനാവും. നിലവില്‍ 152 രാജ്യങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കിവരുന്നത്. ആഗോളതലത്തില്‍ ഇത്തരം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് സായിദ് ഫൗണ്ടേഷന്റെ നടപടിയിലൂടെ വെളിവാകുന്നത്. ലോകമെമ്പാടുമുള്ള 6,000ത്തിലധികം അധ്യാപകര്‍, പരിശീലകര്‍, യൂത്ത് മെന്റര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ പരിശീലിപ്പിക്കുന്നതിനായി ഒരു പ്രഫഷണല്‍ വികസന പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനും ഫണ്ട് സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2019ലെ സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് അബൂദബിയുടെ തുടര്‍ച്ചയായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് 2.5 കോടി യു.എസ് ഡോളർ അനുവദിച്ചതിനെ തുടര്‍ന്ന് 2020ലാണ് സ്പെഷ്യല്‍ ഒളിമ്പിക്സ് ഗ്ലോബല്‍ സെന്റര്‍ അബൂദബിയില്‍ സ്ഥാപിതമായത്.
ഗവേഷണം, നയം, പ്രോഗ്രാമിങ് എന്നിവയിലൂടെ സമഗ്ര വിദ്യാഭ്യാസത്തിനായുള്ള ആഗോള കേന്ദ്രമായാണ് സ്പെഷ്യല്‍ ഒളിമ്പിക്സ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഇന്‍ക്ലൂഷന്‍ ഇന്‍ എജ്യൂക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസഭയോടനുബന്ധിച്ച് മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യു.സി.എസ് സംരംഭത്തിനായി അധിക സഹായധനം പ്രഖ്യാപിച്ചത്.
യു.എസിലെ യു.എ.ഇ അംബാസഡറും സ്പെഷ്യല്‍ ഒളിമ്പിക്സ് ബോര്‍ഡ് ഡയറക്ടേഴ്സ് അംഗവുമായ യൂസുഫ് അല്‍ ഉതൈബ, യു.എ.ഇ എയ്ഡ് ഏജന്‍സ് ചെയര്മാന് ഡോ. താരിഖ് അല്‍ അമീരി, മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യൂമാനിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. ശമ്മ ഖലീഫ അല്‍ മസ്റൂയി, സ്പെഷ്യല്‍ ഒളിമ്പിക്സ് ഇന്റര്‍നാഷനല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ഡോ. തിമോത്തി ഷറിവര്, യു.എ.ഇ കുടുംബ മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സംബന്ധിച്ചു.

