നഗര സിരകളിലൊഴുകാനൊരുങ്ങി ആറ് മെട്രോ ലൈനുകൾ
text_fieldsറിയാദ്: നഗരത്തിെൻറ ഗതാഗത രംഗത്ത് പുതുചരിതം കുറിക്കുന്ന റിയാദ് മെട്രോ സർവിസിന് നാന്ദി കുറിക്കാൻ ഇനി ആഴ്ചകൾ മാത്രം. ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, പർപ്പിൾ എന്നീ നിറങ്ങളിൽ ആറ് ലൈനുകളിലാണ് ട്രെയിനുകൾ ഒാടുക. ഉദ്ഘാടനത്തിെൻറ ഭാഗമായി ട്രാൻസ്ഫർ സ്റ്റേഷനുകളടക്കം നൂറോളം സ്റ്റേഷനുകൾ ഉപഭോക്താക്കളെ സ്വീകരിക്കാനുള്ള അന്തിമഘട്ട മിനുക്ക് പണികളിലാണ്.
കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിെൻറ വടക്കുനിന്നാരംഭിച്ച് തെക്ക് ദാറുൽബൈദയിൽ അവസാനിക്കുന്ന ബ്ലൂലൈൻ ഉലയ, ബത്ഹ തെരുവുകളിലൂടെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു. ഈ ലൈനിെൻറ അധികഭാഗവും ഭൗമാന്തർ ഭാഗത്തെ തുരങ്കത്തിലൂടെയാണ്. നഗരകേന്ദ്രമായ ബത്ഹയുടെ വടക്കും തെക്കും ഭാഗങ്ങളിൽ സ്റ്റേഷനുകളുണ്ട്. 38 കിലോമീറ്റർ ദൈർഘ്യമാണ് ഈ ലൈനിലുള്ളത്. നാല് ട്രാൻസ്ഫർ സ്റ്റേഷനുകൾക്കു പുറമെ 22 സബ് സ്റ്റേഷനുകളും ഉണ്ട്. കിങ് സഊദ് യൂനിവേഴ്സിറ്റിക്കും കിഴക്കൻ ഉപകേന്ദ്രത്തിനും ഇടയിൽ കിങ് അബ്ദുല്ല റോഡിലൂടെ കടന്നുപോകുന്ന റെഡ് ലൈനിന് ഏകദേശം 25.3 കിലോമീറ്റർ നീളമുണ്ട്.
മൂന്ന് ട്രാൻസ്ഫർ സ്റ്റേഷനുകൾക്കു പുറമെ 13 സ്റ്റേഷനുകളും ഇൗ പാതയിലുണ്ട്. ഏറ്റവും നീളം കൂടിയ ഓറഞ്ച് ലൈൻ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ അൽ-മദീന മുനവ്വറ, അമീർ സഅദ് ബിൻ അബ്ദുറഹ്മാൻ അൽ അവ്വൽ റോഡുകൾ എന്നിവയിലൂടെ കടന്നുപോകുന്നു. ജിദ്ദ എക്സ്പ്രസ് വേക്കു സമീപം പടിഞ്ഞാറുനിന്ന് ആരംഭിച്ച് കിഴക്ക് നാഷനൽ ഗാർഡ് ക്യാമ്പിന് സമീപം അവസാനിക്കുന്നു. ലൈനിെൻറ നീളം ഏകദേശം 40.7 കിലോമീറ്ററാണ്. കൂടാതെ രണ്ട് ട്രാൻസ്ഫർ സ്റ്റേഷനുകളും 20 സബ് സ്റ്റേഷനുകളും ഉണ്ട്.
കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽനിന്ന് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് എത്തിച്ചേരുന്നതാണ് മഞ്ഞ ലൈൻ. 29.6 കിലോമീറ്റർ ദൈർഘ്യമുള്ള മഞ്ഞ ലൈനിൽ എട്ട് സ്റ്റേഷനുകളും ഒരു ട്രാൻസ്ഫർ സ്റ്റേഷനുമുണ്ട്. കിങ് അബ്ദുല്ല റോഡുമായി ബന്ധിപ്പിക്കുന്നതിനു മുമ്പ് കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിനും റിയാദ് എയർബേസിനും ഇടയിലുള്ള കിങ് അബ്ദുൽ അസീസ് സ്ട്രീറ്റിന് കീഴെ തുരങ്കത്തിലൂടെയാണ് പാത പോകുന്നത്. ഗ്രീൻ ലൈനിെൻറ നീളം 12.9 കിലോമീറ്ററാണ്.
രണ്ട് ട്രാൻസ്ഫർ സ്റ്റേഷനുകൾക്ക് പുറമേ 10 സബ് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. പർപ്പിൾ ലൈൻ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽനിന്ന് ആരംഭിച്ച് ഇമാം മുഹമ്മദ് ബിൻ സഊദ് യൂനിവേഴ്സിറ്റിയിലൂടെ കടന്ന് അമീർ സഅദ് ബിൻ അബ്ദുറഹ്മാൻ അൽ അവൽ റോഡിൽ അവസാനിക്കുന്നു.
ശൈഖ് ഹസൻ ബിൻ ഹുസൈൻ ബിൻ അലി സ്ട്രീറ്റിൽ ഭൂനിരപ്പിലും ബാക്കി പാലത്തിന് മുകളിലൂടെയുമാണ് പാത പോകുന്നത്. ലൈനിെൻറ നീളം ഏകദേശം 29.9 കിലോ മീറ്ററാണ്. മൂന്ന് ട്രാൻസ്ഫർ സ്റ്റേഷനുകൾക്ക് പുറമെ എട്ട് സ്റ്റേഷനുകളും ഉൾപ്പെടുന്നു.
റിയാദ് മെട്രോ റൂട്ട് മാപ്പ്

