'നുസ്ക്' ആപ്പ് ഡൗൺലോഡിങ് മൂന്നു കോടി കവിഞ്ഞു
text_fieldsറിയാദ്: തീർഥാടകരുടെ സേവനങ്ങൾക്കായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'നുസ്ക്' ആപ്പിന്റെ ഡൗൺലോഡുകളുടെ എണ്ണം മൂന്ന് കോടി കവിഞ്ഞതായി മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 1.2 കോടി ഡൗൺലോഡുകൾ മാത്രമായിരുന്ന സ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ 150 ശതമാനത്തിലധികം വളർച്ചയാണ് ആപ്പ് കൈവരിച്ചത്.
ലോകമെമ്പാടുമുള്ള 190ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനം നൽകുന്ന ആപ്പിന്റെ ഉപയോക്താക്കളിൽ 90 ശതമാനത്തിലധികം പേരും സൗദി അറേബ്യക്ക് പുറത്തുള്ളവരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ്, ഉംറ, സന്ദർശക യാത്രകൾ കൂടുതൽ എളുപ്പമുള്ളതാക്കുന്നതിൽ 'നുസ്ക്' ആപ്പിന്റെ ആഗോള പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.
ഹജ്ജ്, ഉംറ സിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുമായും സംയോജിപ്പിച്ച് നൂറിലധികം ഡിജിറ്റൽ സേവനങ്ങളാണ് 'നുസ്ക്' ആപ്പ് തീർഥാടകർക്കായി നൽകുന്നത്. യാത്രാപദ്ധതി തയാറാക്കുന്നത് മുതൽ മടക്കം വരെയുള്ള എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡിജിറ്റൽ അനുഭവം ഇത് ഉപയോക്താക്കൾക്ക് നൽകുന്നു. ഉംറ, റൗദ സന്ദർശനം, ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ, വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ എന്നിവ ബുക്ക് ചെയ്യാൻ നിലവിൽ 'നുസ്ക്' ആപ്പ് വഴി സാധിക്കും. മക്കയിലെയും മദീനയിലെയും സ്ഥലങ്ങൾ കണ്ടെത്താനും തീർഥാടന യാത്രാപരിപാടികളും വിനോദയാത്രകളും കണ്ടെത്താനും ആപ്പ് സഹായിക്കുന്നു. അടുത്തിടെ ഖുർആൻ, ദിക്റുകൾ, പ്രാർഥനാ സമയങ്ങൾ, ഖിബ് ലയുടെ ദിശ കണ്ടെത്തൽ തുടങ്ങിയ സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആപ്പിന് ഒരു വലിയ അപ്ഡേറ്റ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സുഗമവും എളുപ്പമുള്ളതുമായ ഒരു പുതിയ ഇന്റർഫേസോടെയായിരിക്കും എത്തുക. ഈ മാറ്റങ്ങളോടെ 'നുസ്ക്' ആപ്പ് ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഇസ്ലാമിക് പ്ലാറ്റ്ഫോമായി മാറും എന്നാണ് മന്ത്രാലയം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

