ജീവിതനിലവാര സൂചികയിൽ സൗദി അറേബ്യയിൽ ഒന്നാമതെത്തി ജിദ്ദ നഗരം
text_fieldsജിദ്ദ: ജീവിതനിലവാര സൂചികയിൽ സൗദി അറേബ്യയിൽ ഒന്നാമതെത്തി ജിദ്ദ നഗരം. 2025-ലെ നുംബിഒ ഡാറ്റ (Numbeo Data) അനുസരിച്ചുള്ള ക്വാളിറ്റി ഓഫ് ലിവിങ് ഇൻഡെക്‌സ് പ്രകാരം ലോകത്ത് 74-ാം സ്ഥാനമാണ് ജിദ്ദക്കുള്ളത്. അറബ് ലോകത്ത് ഒമാനിലെ മസ്‌കത്തിന് പിന്നിൽ രണ്ടാംസ്ഥാനത്താണ് ജിദ്ദ.
സുരക്ഷ, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, ആധുനിക പൊതുസൗകര്യങ്ങൾ എന്നിവയിലെല്ലാം ജിദ്ദ കൈവരിച്ച നേട്ടങ്ങളാണ് ഈ ഉയർന്ന റാങ്കിങ്ങിന് കാരണം. ഇത് നഗരത്തിന്റെ വികസന കുതിപ്പിനെ യാഥാർഥ്യമാക്കി മാറ്റാനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ‘ക്വാളിറ്റി ഓഫ് ലൈഫ്’ പദ്ധതിയുടെ കീഴിൽ, ജിദ്ദ നഗരസഭ നിരവധി പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുത്തു. അഞ്ച് കിലോമീറ്ററിലധികം നീളമുള്ള വാട്ടർഫ്രണ്ട് പദ്ധതിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള പാതകൾ, കളിസ്ഥലങ്ങൾ, ശിൽപങ്ങൾ, വിശ്രമസ്ഥലങ്ങൾ, കഫേകൾ, റസ്റ്റോറൻറുകൾ എന്നിവ ഇവിടെയുണ്ട്. ഇതോടെ കടൽത്തീരം നഗരജീവിതത്തിെൻറെ അവിഭാജ്യ ഘടകമായി മാറി. കടൽത്തീരങ്ങൾ വൃത്തിയുള്ളതാക്കാൻ തുടർച്ചയായ പരിപാലന പരിപാടികളും നഗരസഭ നടപ്പാക്കുന്നുണ്ട്.
അൽസജ പാർക്ക്, പ്രിൻസ് മാജിദ് പാർക്ക് ഉൾപ്പെടെ 445 ഓളം പൊതു പാർക്കുകൾ നഗരസഭക്ക് കീഴിൽ വിവിധയിടങ്ങളിൽ നിർമിച്ചു. 1,30,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള പ്രിൻസ് മാജിദ് പാർക്ക് കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും വലിയ ഒത്തുചേരൽ കേന്ദ്രമാണ്.
വിവിധയിടങ്ങളിൽ കാൽനടയാത്രക്കാർക്കുള്ള പാതകൾ മെച്ചപ്പെടുത്തി. ആധുനിക ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കുകയും നടപ്പാതകൾ വീതികൂട്ടി നഗരം കൂടുതൽ സുരക്ഷിതവും മനോഹരവുമാക്കി. ഇത് ജനങ്ങളെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു.
കൈകൊണ്ടും യന്ത്രസഹായത്തോടെയും തെരുവുകളും റോഡുകളും വൃത്തിയാക്കൽ, മാലിന്യനിർമാർജനം, അനാവശ്യ കോൺക്രീറ്റ് തടസ്സങ്ങൾ നീക്കംചെയ്യൽ എന്നിവക്കായി വിപുലമായ ശുചീകരണ പരിപാടികൾ നഗരത്തിൽ നടപ്പിലാക്കി. മാലിന്യങ്ങൾ വേർതിരിക്കാനും അവ വീണ്ടും ഉപയോഗിക്കാനും, മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കാനുമുള്ള നൂതന പരിപാടികൾ ജിദ്ദ നഗരസഭ നടപ്പാക്കി.
ഇത് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വർധിപ്പിച്ചു. പാർക്കുകൾ, പൊതുസൗകര്യങ്ങൾ, മികച്ച സേവനങ്ങൾ എന്നിവയിലൂടെ ജിദ്ദ ഒരു സാമ്പത്തിക, ടൂറിസം നഗരം എന്നതിലുപരി ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

