വോളിബാളിനെ പ്രണയിച്ച അറബ്കോ രാമചന്ദ്രൻ
text_fieldsറിയാദ്: മലയാളികളുടെ ഗൾഫ് പ്രവാസ ചരിത്രത്തിൽ വോളിബാളിനെ പ്രണയിച്ച നിത്യകാമുകനാണ് അറബ്കോ രാമചന്ദ്രൻ. 1977ൽ ഒരു സാധാരക്കാരണക്കാരനായി ദമ്മാമിൽ കപ്പലിറങ്ങിയ കാലം മുതൽ വ്യവസായിയായി റിയാദിൽ തുടരുമ്പോഴും തന്റെ ഇഷ്ട കളിയുടെ കൂടെയാണ് അദ്ദേഹം.
വോളിബാളിന്റെ ഈറ്റില്ലമായ വടകരയിൽ ജനിച്ച്, തന്റെ ബാല്യകൗമാര ജീവിതത്തിൽ ആരംഭിച്ച ഈ പ്രണയം പ്രവാസത്തിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
ആദ്യകാലങ്ങളിൽ കളിച്ചും പിന്നീട് കളിപ്പിച്ചും നിരവധി താരങ്ങളെ വാർത്തെടുത്തും ആ സപര്യ അനുസ്യൂതം മുന്നോട്ട് ഗമിക്കുന്നു. പ്രവാസത്തിന്റെ തുടക്കത്തിൽതന്നെ കളിയാരംഭിച്ചുവെങ്കിലും 1980ലാണ് ഇന്ത്യക്കാരും സൗദികളുമടങ്ങുന്ന കളിക്കാരോടൊപ്പം റെഗുലർ പ്രാക്ടിസ് ദമ്മാമിൽ ആരംഭിച്ചത്. അഞ്ചു വർഷത്തിനുശേഷം റിയാദിലേക്ക് മാറ്റംകിട്ടി. വിവിധ തസ്തികകളിൽ ജോലി ചെയ്ത് ഇപ്പോൾ ‘അറബ്കോ’ ഒരു ലോജിസ്റ്റിക് കമ്പനി നടത്തുകയാണ്. സ്ഥാപനത്തിന്റെ പേരിൽ ഒരു വോളിബാൾ ടീം തുടങ്ങി, കളിയിലൂടെ കമ്പനിയുടെ കീർത്തി കൂടുതൽ പേരിലേക്കെത്തിക്കാനായി.
ആദ്യകാലത്ത് മലയാളികളോ ബന്ധുമിത്രാദികളോ ഇല്ലാതെയാണ് പ്രവാസത്തിന്റെ തുടക്കം. അതിനാൽ വിവിധ ഭാഷകളിൽ പ്രാവീണ്യം നേടാനായി. 30ഓളം രാജ്യങ്ങൾ സന്ദർശിക്കാനും അവിടത്തെ സംസ്കാരങ്ങൾ അടുത്തറിയാനും സാധിച്ചു. ഹൈസ്കൂൾ പഠനകാലത്ത് സ്കൂളിനുവേണ്ടി ജഴ്സി അണിയുകയും പിന്നീട് നാട്ടിൽ പല ടൂർണമെൻറുകളും കളിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
റിയാദ്, ദമ്മാം, ജുബൈൽ, അബ്ഖേഖ്, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ഇപ്പോഴും ‘അറബ്കോ’ റിയാദിലെ മുൻനിര ടീമുകളിലൊന്നായി നിലനിർത്തുന്നതിൽ അദ്ദേഹം ജാഗ്രത പാലിക്കുന്നു. പുതിയ കളിക്കാരെ കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും രാമേട്ടന്റെ ശ്രദ്ധ എപ്പോഴുമുണ്ട്. ഡസൻകണക്കിന് ട്രോഫികളും അംഗീകാരങ്ങളും സ്വxബം. മക്കളായ രാഗിൻ, നിക്കിൽ എന്നിവർ അറബ്കോയിൽതന്നെ ജോലി ചെയ്യുന്നു. മറ്റൊരു മകൻ കെവിൻ പഠിക്കുന്നു.

