റോഡ് ടു ഖത്തർ; ഫുട്ബാൾ മത്സരങ്ങളുടെ ഉത്സവകാലം
text_fieldsദോഹ: ഫുട്ബാൾ മത്സരങ്ങളുടെ ഉത്സവകാലമാണ് ഖത്തറിൽ വരാനിരിക്കുന്നത്. 2026 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യത നാലാം റൗണ്ട് മത്സരങ്ങൾ, ഫിഫ അണ്ടർ 17 ലോകകപ്പ്, ഫിഫ അറബ് കപ്പ്, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ടൂർണമെന്റുകൾക്കാണ് ഖത്തറിന്റെ മണ്ണിൽ ഇനി കാൽപന്തുരുളുക.
ഒക്ടോബർ 8-14 വരെ 2026 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ട് മത്സരങ്ങൾ ഖത്തറിൽ അരങ്ങേറും. ഖത്തർ, ഒമാൻ, യു.എ.ഇ അടങ്ങുന്ന ഗ്രൂപ് മത്സരങ്ങളാണ് നടക്കുക. ഒക്ടോബർ എട്ടിന് വൈകീട്ട് ആറു മണിക്ക് ഖത്തർ-ഒമാനെയും 11ന് യു.എ.ഇ-ഒമാനെയും നേരിടും. ഖത്തർ -യു.എ.ഇ മത്സരം 14ന് അരങ്ങേറും. ഗ്രൂപ്പ് വിജയികൾ 2026 ഫിഫ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.
നവംബർ മൂന്നു മുതൽ 27 വരെ ദോഹയിലെ ആസ്പയർ സോണിൽ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കും. ലോക കപ്പിന്റെ ഫൈനൽ നവംബർ 27ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് നടക്കുക. ഡിസംബർ ഒന്നു മുതൽ 18 വരെയാണ് അറബ് കപ്പ് മത്സരങ്ങൾ. ആറു ലോകകപ്പ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് വൈകീട്ട് ഏഴു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഇതിനിടെ ക്ലബ് ഫുട്ബാളിലെ വൻകരകളുടെ പോരാട്ടമായ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾക്കും ഖത്തർ വേദിയാകും. ഫൈനൽ അടക്കം അവസാനഘട്ട മൂന്ന് മത്സരങ്ങളാണ് ഖത്തറിൽ നടക്കുക. ഡിസംബർ 10ന് അമേരിക്കൻ ഡെർബി, 13ന് ചലഞ്ചർ കപ്പ്, 17ന് ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരവും അരങ്ങേറും. ഫൈനലിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി ചലഞ്ചർ കപ്പ് വിജയികളെ നേരിടും.
ലോകകപ്പ് യോഗ്യത മത്സരം, അണ്ടർ 17 ലോകകപ്പ്, അറബ് കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, നാല് ലോകോത്തര ടൂർണമെന്റുകൾ എന്നീ ഫുട്ബാൾ മാമാങ്കത്തിന് ഖത്തർ തയാറായിക്കഴിഞ്ഞു.

