സംഘർഷ മേഖലകളിലെ കുട്ടികളുടെ സംരക്ഷണം; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഗോള കാമ്പയിന് തുടക്കം
text_fieldsദോഹ: സായുധ സംഘർഷ മേഖലകളിലെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആഗോള കാമ്പയിൻ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തുടക്കംകുറിച്ചു. ഖത്തർ നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ കൾച്ചറുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. യു.എൻ സെക്രട്ടറി ജനറലിന്റെ സായുധ സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ പ്രത്യേക പ്രതിനിധിയുടെ ഓഫിസുമായും ദോഹയിലെ യുനസ്കോയുടെ ഗൾഫ് രാജ്യങ്ങൾക്കും യമനുമായുള്ള പ്രാദേശിക ഓഫിസിന്റെയും പങ്കാളിത്തത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കാമ്പയിൻ തയാറെടുപ്പിന്റെ ഭാഗമായി, പൊതു-സ്വകാര്യ സ്കൂളുകളുടെ പങ്കാളിത്തത്തോടെ മന്ത്രാലയത്തിന്റെ ആസ്ഥാനത്തുവെച്ച് അധ്യാപകർക്കായി പരിശീലന ശിൽപശാല നടത്തി. പരിപാടിയിൽ രാജ്യത്തെ 30 സർക്കാർ സ്കൂളുകളും 30 സ്വകാര്യ സ്കൂളുകളും പങ്കെടുത്തു. കുട്ടികളുടെ സുരക്ഷക്കായി ആഗോളതലത്തിൽ രൂപകൽപന ചെയ്ത ഈ കാമ്പയിനിന്റെ ആദ്യഘട്ടത്തിൽ 10-15ന് ഇടയിൽ പ്രായമുള്ള വിദ്യാർഥികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ദേശീയ വിദ്യാഭ്യാസ സാഹചര്യവുമായും പ്രായത്തിന് അനുയോജ്യവുമായി പഠനാന്തരീക്ഷം പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.
സമാധാന മൂല്യങ്ങൾ വളർത്തുക, വിദ്യാർഥികളിൽ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക, വിദ്യാഭ്യാസം, സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഐക്യം, പ്രതീക്ഷ, സമാധാനം എന്നിവയുടെ പ്രതീകമായ ഒറിഗാമി, സമാധാന പക്ഷികളുടെ നിർമാണം, ഐക്യദാർഢ്യ കത്തുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാമ്പയിനിന്റെ ഭാഗമായി നടക്കും. ഈ സൃഷ്ടികൾ ശേഖരിച്ച് ദോഹയിലും ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തും ഉൾപ്പെടെ അന്താരാഷ്ട്ര ആർട്ട് എക്സിബിഷനുകളിൽ പ്രദർശിപ്പിക്കും.

