ഗസ്സയിൽ വെടിനിർത്തൽ; യു.എസ് പ്രസിഡന്റിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്തു
text_fieldsദോഹ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളെ സ്വാഗതം ചെയ്ത് വിവിധ രാജ്യങ്ങൾ രംഗത്ത്. ഖത്തർ, തുർക്കിയ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോർഡൻ, ഇന്തോനേഷ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിർദേശങ്ങളെ സ്വാഗതം ചെയ്തത്.
യുദ്ധം അവസാനിപ്പിക്കുക, ഗസ്സയുടെ പുനർനിർമാണം, ഫലസ്തീനിലെ നിർബന്ധിത പലായനം അവസാനിപ്പിക്കുക തുടങ്ങിയ ട്രംപിന്റെ നിർദേശങ്ങളും വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തെയും അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് കരാർ നടപ്പാക്കുന്നതിന് യു.എസുമായി സഹകരിക്കാൻ തയാറാണ്.
ഗസ്സയിൽ ആവശ്യമായ മാനുഷിക സഹായം എത്തിക്കുക, ബന്ദികളുടെ മോചനം, ഇസ്രായേലി പിൻമാറ്റം, ഗസ്സയുടെ പുനർനിർമാണം, ദ്വിരാഷ്ട്ര പരിഹാരം എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തി ഒരു സമഗ്രമായ കരാറിലൂടെയാണ് ഇത് സാധ്യമാക്കേണ്ടതെന്നും വിദേശകാര്യ മന്ത്രിമാർ പറഞ്ഞു.

