മഴക്കാല മുന്നൊരുക്കം ഊർജിതമാക്കി രാജ്യം
text_fieldsമഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോഓപറേഷൻ കമ്മിറ്റി യോഗത്തിൽനിന്ന്
മനാമ: വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാനായി ബഹ്റൈൻ സർക്കാർ രാജ്യവ്യാപകമായി കർമപദ്ധതിക്ക് രൂപം നൽകി. നഗര, താമസ മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്ക ഭീഷണികൾ പരിഹരിക്കുന്നതിനാണ് പദ്ധതി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം ടാങ്കറുകൾക്കും പമ്പുകൾക്കുമായി ടെൻഡർ ക്ഷണിച്ചു. പ്രധാന ഹൈവേകളിലെയും റോഡുകളിലെയും ഡ്രെയിനേജ് ജോലികൾ പൊതുമരാമത്ത് മന്ത്രാലയം കൈകാര്യം ചെയ്യും.
പഴയ മനാമ, തൂബ്ലി, സിത്ര, സനദ് തുടങ്ങിയ പഴയ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലായതിനാൽ ഈ മേഖലകൾക്ക് മുൻഗണന നൽകുന്നുണ്ട്. ഭൂപ്രകൃതിയും ഉപരിതല ജലത്തിന്റെ ഒഴുക്കും കാരണം പുതിയ പാർപ്പിട മേഖലകളിലും പ്രശ്നങ്ങളുണ്ടാവാമെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തരാദ വ്യക്തമാക്കി.
അറാദ്, മുഹറഖ്, ബുസൈത്തീൻ, സമാഹീജ്, ദിയാർ തുടങ്ങിയ തീരദേശ മേഖലകളിൽ കടൽ ഡ്രെയിനേജ് പാസേജുകൾ അടഞ്ഞതോ അപര്യാപ്തമായതോ ആയതാണ് പ്രധാന പ്രശ്നമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ചൂണ്ടിക്കാട്ടി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈൽ അൽ മുബാറക് അധ്യക്ഷതവഹിച്ച ജോയന്റ് കോഓപറേഷൻ കമ്മിറ്റി യോഗത്തിലാണ് മുന്നൊരുക്കം ചർച്ച ചെയ്തത്. ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളും മുനിസിപ്പൽ കൗൺസിലുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു.
നൂറ്റാണ്ടിന്റെ അവസാനത്തോടെ കടൽനിരപ്പ് 60 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും ഇതു തീരദേശങ്ങളെ കൂടുതൽ ഭീഷണിപ്പെടുത്തുമെന്നും യോഗത്തിൽ വിലയിരുത്തി.
പൊതുജന താൽപര്യം മുൻനിർത്തി പദ്ധതി ആസൂത്രണത്തിലും തീരുമാനമെടുക്കലിലും മുനിസിപ്പൽ കൗൺസിലുകളുടെ പങ്കാളിത്തം പ്രധാനമാണെന്ന് കമ്മിറ്റി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

