മൂക്കുത്തി അമ്മനായി വീണ്ടും നയൻതാര; രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsനയൻതാരയും ഖുശ്ബുവും ചിത്രത്തിന്‍റെ പോസ്റ്റർ റിലീസിനിടെ
മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിർമാതാക്കളായ വേല്‍സ് ഫിലിം ഇന്റര്‍നാഷനലാണ് വിജയദശമി ദിനത്തിൽ പോസ്റ്റർ റിലീസ് ചെയ്തത്. സുന്ദർ സി സംവിധാനം ചെയ്യുന്ന നയൻതാര ചിത്രം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ആദ്യഭാഗത്തിന് ഒട്ടേറെ വിമർശനങ്ങളും അതോടൊപ്പം പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകർ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ബഡ്ജറ്റ് എന്നാണ് റിപ്പോർട്ട്.
പുറത്തുവിട്ട പോസ്റ്റർ നയൻതാര തന്‍റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. കൈയിൽ ശൂലമേന്തിയ ദേവീ സ്വരൂപത്തിലുള്ള താരത്തിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മുക്കുത്തി അമ്മനായുള്ള താരത്തിന്‍റെ തിരിച്ചുവരവിന് പ്രശംസ അറിയിക്കുകയാണ് ആരാധകർ.
ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ ഒന്നാം ഭാഗത്തിൽ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്.
അടുത്തിടെ ചില തർക്കങ്ങൾ മൂലം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നും സഹസംവിധായകനെ നടി ശാസിച്ചുവെന്നും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ സംവിധായകന്റെ ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്ത് വന്നിരുന്നു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നുണ്ടെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.
നയന്‍താരയോടൊപ്പം മികച്ച താരനിരതന്നെ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂക്കുത്തി അമ്മൻ ഒന്നാം ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് നിർമാതാക്കളുടെ പ്രതികരണം. ആദ്യ ഭാഗത്തിൽ നയൻതാര, ആർ.ജെ ബാലാജി, ഉർവശി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

