കാന്താര ചാപ്റ്റർ 1 തിയറ്ററിൽ; അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം നേടിയത് 30 കോടി
text_fieldsലെറ്റ്സ് എക്സ് ഒടിടി ഗ്ലോബൽ പങ്കുവച്ച കാന്താര സിനിമയിലെ രംഗങ്ങൾ
പ്രേക്ഷക ലക്ഷങ്ങളുടെ ആകാംക്ഷക്ക് വിരാമമിട്ട് കാന്താര രണ്ടാം ഭാഗം തിയറ്ററുകളിൽ. 2022 സെപ്റ്റംബർ 30ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ കാന്താരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിൽ തന്നെ കോളിളക്കം സൃഷ്ടിച്ച ചിത്രമാണ്. കാന്താരയുടെ ആദ്യഭാഗത്തിന് വലിയ ആരാധകരെ തന്നെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കാറ്.
ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന കാന്താര രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന മേക്കിങ് കൊണ്ട് വിസ്മയിപ്പിക്കുന്നതാണ് സിനിമ എന്നതാണ് ആദ്യ പ്രതികരണം. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച രാവിലെ വരെ 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. എന്നാൽ ഇത് പ്രതീക്ഷയിലും കുറവാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നിരുന്നാലും വരും ദിവസങ്ങളിൽ വലിയ കലക്ഷൻ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ, സോഷ്യൽ മീഡിയ സിനിമയുടെ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറയുകയാണ്. ആദ്യ ഫ്രെയിം മുതൽ അവസാനം വരെ, ദൃശ്യവിസ്മയങ്ങളാൽ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും ആകെമൊത്തത്തിൽ സിനിമ കത്തിക്കുമെന്നുമാണ് ആരാധകർ പറയുന്നത്.
സിനിമ ബോക്സ് ഓഫിസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്. ഹൈപ്പ് കൂടുമ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ കാന്താരക്ക് അത് സംഭവിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. ബെസ്റ്റ് ഇന്‍റർവെൽ സീക്വൻസാണ് പടം ഒരുക്കിവച്ചിരിക്കുന്നത് എന്നാണ് വലിയ രീതിയിൽ വരുന്ന പ്രതികരണം.
ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മനുഷ്യർക്കും ദൈവികതക്കും ഇടയിലുള്ള പാലമായി സേവിക്കാൻ വിധിക്കപ്പെട്ട നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗ സാധു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു. പി ആർ ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് ബ്രിങ് ഫോർത്ത്.
കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കലക്ഷൻ സിനിമക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

