‘നമ്മുടെ ഇപ്പോഴത്തെ സ്റ്റോർ റൂം ഈ വീടിനേക്കാൾ വലുതാണല്ലോ’; ഫാറ ഖാന്‍റെ പഴയ വീട് കണ്ട് അതിശയിച്ച് പാചകക്കാരൻ
text_fieldsചലച്ചിത്ര സംവിധായികയും നൃത്തസംവിധായകയുമായ ഫറ ഖാൻ തന്‍റെ പാചകക്കാരനായ ദിലീപിനൊപ്പമുള്ള പാചക വ്ലോഗുകൾ പങ്കുവെക്കാറുണ്ട്. ഇവരുടെ കോംബോക്ക് ആരാധകരേറെയാണ്. പുതിയ വ്ലോഗിൽ, ഫറ മുംബൈയിലെ നെഹ്‌റു നഗർ സൊസൈറ്റിയിലെ തന്റെ പഴയ വീട് വീണ്ടും സന്ദർശിക്കുന്നുണ്ട്. അവിടെയായിരുന്നു അവർ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. സൗകര്യങ്ങൾ കുറഞ്ഞ തന്‍റെ വീടിനെക്കുറിച്ച് ഫറ ഓർമിക്കുന്നു.
'എല്ലാ വ്ലോഗുകളിലും നിങ്ങൾ എന്റെ പുതിയ വീട് കണ്ടിട്ടുണ്ടാകും. ആളുകൾ പലപ്പോഴും അത് വലുതാണെന്ന് പറയാറുണ്ട്. പക്ഷേ ഇത് ഞങ്ങളുടെ പഴയ വീടാണ്, നെഹ്‌റു നഗർ സൊസൈറ്റി. ഞങ്ങൾ താമസിച്ചിരുന്ന വീട് എത്ര ചെറുതായിരുന്നുവെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. ഇപ്പോൾ ഇവിടെ ആരാണ് താമസിക്കുന്നതെന്ന് എനിക്കറിയില്ല, കാരണം ഞങ്ങൾക്ക് പണമില്ലാതിരുന്നപ്പോൾ അമ്മക്ക് വീട് വിൽക്കേണ്ടി വന്നു' -ഫറ പറഞ്ഞു.
'ഞങ്ങൾക്ക് ഒരു സോഫ പോലും ഉണ്ടായിരുന്നില്ല. തറയിൽ മെത്ത വിരിച്ചാണ് ഉറങ്ങിയിരുന്നത്. അടുക്കള വളരെ ചെറുതായിരുന്നു. ആ സമയത്ത് ഞങ്ങളുടെ വീട്ടിൽ ഫോണൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങൾ ജനാലയിലൂടെ അയൽക്കാരോട് സംസാരിക്കാറുണ്ടായിരുന്നു' -ഫറ കൂട്ടിച്ചേർത്തു.
ഫറ കിടപ്പുമുറി കാണിച്ചുകൊടുത്തപ്പോൾ ഇത്രയും ചെറിയ കിടപ്പുമുറിയിൽ നിങ്ങൾ എല്ലാവരും എങ്ങനെ താമസിച്ചു? എന്നാണ് ദിലീപ് ചോദിക്കുന്നത്. തങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു. അതൊരു ചെറിയ മുറിയായിരുന്നുങ്കിലും പണമില്ലാത്തതിനാൽ അഞ്ച് പേർ അവിടെ താമസിച്ചു എന്നായിരുന്നു ഫറയുടെ മറുപടി. ഇപ്പോൾ നിങ്ങളുടെ സ്റ്റോർ റൂം പോലും ഇതിലും വലുതാണെന്ന് ദിലീപ് പറഞ്ഞു. കഠിനാധ്വാനം ചെയ്താൽ, ഒരു ചെറിയ വീട് വലുതാക്കി മാറ്റാം എന്നായിരുന്നു ഫറ മറുപടി പറഞ്ഞത്. ഫറ കാരണം തന്‍റെ വീടും വലുതായി എന്ന് ദിലീപ് പറഞ്ഞു.
ഫറ ഖാന്റെ അച്ഛൻ കമ്രാൻ ഖാൻ സംവിധായകനായിരുന്നു. അമ്മ മേനക ഇറാനി, സിനിമ മേഖലയുമായി ബന്ധമുള്ള കുടുംബത്തിൽ നിന്നായിരുന്നു. എന്നാൽ അച്ഛന്റെ സിനിമകൾ പരാജയപ്പെട്ടതിനെത്തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു ഫറയുടെ ബാല്യകാലം. ദാരിദ്ര്യത്തിൽ വളർന്നതിനെക്കുറിച്ച് അവർ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
ചെറുപ്പത്തിൽ തന്നെ നൃത്തത്തോടുള്ള തന്റെ അഭിനിവേശം ഫറ തിരിച്ചറിഞ്ഞു. 1992ൽ ജോ ജീത വോഹി സിക്കന്ദറിലെ പെഹ്ല നഷ എന്ന ഹിറ്റ് ഗാനം നൃത്തസംവിധാനം ചെയ്തതോടെയാണ് ഫറ പ്രശസ്തിയിലേക്ക് ഉയർന്നത്. വർഷങ്ങളായി, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, ഐശ്വര്യ റായ് എന്നിവരുൾപ്പെടെ ബോളിവുഡ് താരങ്ങൾക്കായുള്ള നൃത്തസംവിധാനം അവർ തുടരുന്നു. 2004 ൽ മേം ഹൂം നാ എന്ന ചിത്രത്തിലൂടെ അവർ സംവിധാനത്തിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഓം ശാന്തി ഓം പോലുള്ള ബ്ലോക്ക്ബസ്റ്ററുകളും തീസ് മാർ ഖാൻ, ഹാപ്പി ന്യൂ ഇയർ പോലുള്ള വലിയ എന്റർടെയ്‌നർ ചിത്രങ്ങളും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

