ഭിന്നശേഷി സംവരണ സീറ്റുകള്‍ ഒഴികെ മറ്റ് ഒഴിവുകളില്‍ നിയമനം; കോടതി വിധി എൻ.എസ്.എസിന് മാത്രം ബാധകമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിച്ച് ഭിന്നശേഷി സംവരണ സീറ്റുകള്‍ ഒഴികെ മറ്റ് ഒഴിവുകളില്‍ നിയമനം നടത്താനുള്ള അനുമതി എൻ.എസ്.എസ് മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകള്‍ക്ക് മാത്രം ബാധകമെന്ന എ.ജിയുടെ നിയമോപദേശമാണ് സര്‍ക്കാറിനു ലഭിച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
വിധി മറ്റു മാനേജ്മെന്റുകളുടെ കാര്യത്തില്‍ ബാധകമാണോ എന്ന കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടാമെന്നും മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി അനുസരിച്ച് ഭിന്നശേഷി സംവരണം സംബന്ധിച്ച് നിയമനം സമയബന്ധിതമായി നടത്താനും കാലതാമസം ഒഴിവാക്കാനും ജില്ലാതല സമിതി രൂപവത്കരിച്ചു.
ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ നിയമന പ്രക്രിയ ഒക്ടോബര്‍ 25നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ വിവിധ എയ്ഡഡ് സ്കൂളുകളിലെ 1300ലേറെ ഒഴിവ് വിവിധ ജില്ല സമിതികളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. 1100 ഭിന്നശേഷി നിയമനം നടത്തി. ഇതുസംബന്ധിച്ച പരാതി പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ നവംബര്‍ 10നകം അദാലത്ത് സംഘടിപ്പിക്കും. 2016 മുതല്‍ മുതല്‍ 25 വരെ 1.12 ലക്ഷം അധ്യാപക- അനധ്യാപക നിയമനം എയ്ഡഡ് മേഖലയില്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

