സ്വർണ വായ്പയിൽ മാറ്റംവരുത്തി റിസർവ് ബാങ്ക്
text_fieldsമുംബൈ: സ്വർണം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന നിർമാതാക്കൾക്കും ഇനി മുതൽ ബാങ്കുകളിൽനിന്ന് പ്രവർത്തന മൂലധന വായ്പ ലഭിക്കും. ഇതുവരെ ജ്വല്ലറികൾക്ക് മാത്രമാണ് പ്രവർത്തന മൂലധനത്തിനായി സ്വർണ വായ്പ എടുക്കാൻ അനുമതിയുണ്ടായിരുന്നത്. സാധാരണയായി, സ്വർണമോ വെള്ളിയോ വാങ്ങുന്നതിന് വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് വിലക്കുണ്ട്. ഇതിലാണ് ഇപ്പോൾ റിസർവ് ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. വായ്പയെടുക്കുന്നവർ സ്വർണം നിക്ഷേപത്തിനോ ഊഹക്കച്ചവടത്തിനോ ഉപയോഗിക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് ആർ.ബി.ഐ തിങ്കളാഴ്ച പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
നിലവിൽ, ഇ.എം.ഐ വായ്പകളുടെ പലിശനിരക്ക് പുനഃക്രമീകരിക്കുമ്പോൾ, സ്ഥിര പലിശനിരക്കിലേക്ക് മാറാൻ വായ്പയെടുത്തയാൾക്ക് നിർബന്ധമായും അവസരം നൽകണമായിരുന്നു. റിസർവ് ബാങ്കിന്റെ പുതിയ നിർദേശമനുസരിച്ച്, ഈ അവസരം നൽകണോ വേണ്ടയോ എന്ന് ബാങ്കുകൾക്ക് തീരുമാനിക്കാം.
വിദേശ വിപണികളിൽനിന്ന് മൂലധനം സമാഹരിക്കുന്നതിനുള്ള നിയമങ്ങളിലും ആർ.ബി.ഐ ഇളവ് വരുത്തിയിട്ടുണ്ട്.

