10 വർഷംകൊണ്ട് ഒരു കോടി രൂപ നേടാം; എസ്.ഐ.പിയിൽ ഇത്രയും നിക്ഷേപിച്ചാൽ മതി
text_fieldsമുംബൈ: വീട്, സ്ഥലം, കുട്ടികളുടെ വിദ്യാഭ്യാസം അങ്ങനെ സ്വപ്നങ്ങളും പ്ലാനുകളും നിരവധിയാണ് പലർക്കും. നിക്ഷേപത്തിലൂടെ ഒരു കോടി രൂപ സ്വന്തമാക്കുന്നതിലൂടെ പല സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ കഴിയും. ബാങ്ക് സ്ഥിര നിക്ഷേപവും സ്വർണവും സുരക്ഷിതമായ ഒരു വഴിയാണ്. എന്നാൽ, ഇത്രയും വലിയ സാമ്പത്തിക നേട്ടം കൈവരിക്കാൻ ദീർഘകാലമെടുക്കും. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിലൂടെ ഇതു സാധ്യമാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും.
ഇതിനെല്ലാം ബദലായി മറ്റൊരു ഇൻവെസ്റ്റ് ഒപ്ഷൻ കൂടിയുണ്ട്. മ്യൂച്ച്വൽ ഫണ്ടുകൾ. എസ്.ഐ.പി അതായത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലൂടെ ചെറിയ തുക മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ അടുത്ത 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപ കീശയിലാക്കാം. പക്ഷെ, എത്ര നിക്ഷേപിക്കും, വളർച്ച നിരക്ക് എത്ര തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും നമുക്ക് ലഭിക്കുന്ന റിട്ടേൺ. കൂടുതൽ വളർച്ചയുള്ള പോർട്ട്ഫോളിയോ ആണെങ്കിൽ ചെറിയ നിക്ഷേപത്തിലൂടെ ഇത്രയും തുക നേടാം.
ഉദാഹരണത്തിന് നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്ന മ്യൂച്ച്വൽ ഫണ്ട് പോർട്ട്ഫോളിയോയുടെ വാർഷിക വളർച്ച നിരക്ക് (കോംപൗണ്ട് ആന്യുവൽ ഗ്രോത് റേറ്റ് ) 12 ശതമാനം ആണെങ്കിൽ എസ്.ഐ.പിയിലൂടെ മാസം 43,150 രൂപ നിക്ഷേപിച്ചാൽ കിട്ടുന്ന തുക 100,25,431 രൂപയായിരിക്കും.
പോർട്ട്ഫോളിയോ വളർച്ച നിരക്ക് 14 ശതമാനം ആണെങ്കിൽ കുറച്ചുകൂടി ചെറിയ തുകയായ 38,250 രൂപ നിക്ഷേപിച്ചാൽ മതി. 1,00,24,995 രൂപ നേടാം. 16 ശതമാനം വളർച്ച നിരക്കുള്ള ഫണ്ടിൽ 33,750 രൂപ ഓരോ മാസവും നിക്ഷേപിക്കുന്നതിലൂടെ 10 വർഷം കൊണ്ട് 1,00,05,913 രൂപ നേടാനുമാവും.

