ലിപ് സ്റ്റിക്കും, പാവാടയുടെ നീളവും... സാമ്പത്തിക മാന്ദ്യത്തിന്‍റെ വിചിത്രമായ സൂചനകൾ
text_fieldsസാമ്പത്തിക മാന്ദ്യം കണക്കാക്കാക്കുന്ന ജി.ഡി.പി, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ സാങ്കേതിക പദങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാൽ പാവാടയുടെ നീളവും, ലിപ്സ്റ്റിക്കുമൊക്കെ ഇതിനുള്ള അളവു കോലാണെന്ന് കേട്ടാൽ വിശ്വസിക്കുമോ? നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തരം രസകരമായി തോന്നുന്ന മാർഗങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക വിദഗ്ദർ മാന്ദ്യം പ്രവചിക്കാറുണ്ട്. ഇങ്ങനെ നടത്തുന്ന പ്രവചനങ്ങൾ വിജയിക്കാറുമുണ്ട്.
ഒദ്യോഗിക ഡാറ്റകളെ കൂടാതെ സാമ്പത്തിക മാന്ദ്യം മുൻകൂട്ടി അറിയാൻ സഹായിക്കുന്ന ചില സൂചനകൾ നോക്കാം
നീളം കൂടുന്ന പാവാട
ഫാഷൻ ലോകത്തുണ്ടാകുന്ന മാറ്റത്തിൽ നിന്ന് മാന്ദ്യത്തിന്‍റെ സൂചന ലഭിക്കും.അതായത്, പാവാടയുടെ നീളം കുറയുന്നത് മികച്ച സമ്പദ് വ്യവസ്ഥയുടെയും, നീളം കൂടുന്നത് മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്‍റെയും സൂചനയാണ്. എങ്ങനെയെന്നല്ലേ? 1960 കളിലെ മാന്ദ്യത്തിന്‍റെ സമയത്ത് സ്ത്രീകൾ ഇറക്കമുള്ള പാവാടകളാണ് കൂടുതലായും ധരിച്ചിരുന്നത്. ഇതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയൊന്നുമില്ലെങ്കിലും ഇത്തരം പ്രവചനങ്ങൾ ഏറെക്കുറെ ശരിയാകാറുണ്ട്.
ലിപ്സ്റ്റിക് എഫക്ട്
സാമ്പത്തിക മാന്ദ്യം ഉണ്ടായ സമയത്ത് ആളുകൾ വിലകൂടിയ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ നിന്ന് ചെറിയ താങ്ങാനാകുന്ന വിലയുള്ള ഉൽപ്പന്നങ്ങളിലേക്ക് തിരിയുന്ന ട്രെന്‍റുണ്ടായരുന്നു. ലിപ്സ്റ്റിക് അത്തരത്തിലുള്ള ഉൽപ്പന്നമായതിനാൽ 2008ലെ മാന്ദ്യ കാലത്ത് അതിന്‍റെ വിൽപ്പന വർധിച്ചുവെന്ന് സാമ്പത്തിക വിദഗ്ദർ നിരീക്ഷിക്കുന്നു.
പുരുഷൻമാരുടെ അടിവസ്ത്രം
2008ലെ സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പുരുഷൻമാർ അടിവസ്ത്രങ്ങൾ വാങ്ങുന്നത് കുറഞ്ഞു. ഇക്കാലയളവിൽ ഇവയുടെ വിൽപ്പന 2 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മാലിന്യം
സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കുറയും.അതുകൊണ്ട് തന്നെ പുറന്തള്ളുന്ന മാലിന്യങ്ങളും കുറയും. അതായത്. മാലിന്യത്തിന്‍റെ അളവിൽ നിന്ന് സാമ്പത്തിക മാന്ദ്യമാണോ എന്ന് പ്രവചിക്കാൻ കഴിയും. 2008ലെ യു.എസ് മാന്ദ്യത്തിന്‍റെ കാലത്ത് യു.എസിൽ മാലിന്യത്തിൽ 5 ശതമാനത്തോടടുപ്പിച്ച് ഇടിവുണ്ടായി. അതായത് മാലിന്യക്കൂടകൾ ശൂന്യമാണെങ്കിൽ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയും അതുതന്നെയെന്നാണ് മനസ്സിലാക്കേണ്ടത്.
സാൻഡ് വിച്ച് ഇൻഡക്സ്
2008ൽ സാമ്പത്തിക മാന്ദ്യം പൊട്ടിപ്പുറപ്പെട്ട സമയത്ത് റെസ്റ്റോറന്‍റുകളിൽ നിന്ന് ഉച്ചഭക്ഷണത്തിന് പകരം സാൻഡ് വിച്ച് വ്യാപകമാൻ തുടങ്ങി. മറ്റ്‍ ഭക്ഷണങ്ങൾക്ക് വില കൂടുതലായതുകൊണ്ട് തന്നെ താരതമ്യേന വിലകുറഞ്ഞ സാന്‍റ് വിച്ച് ബോക്സുകളെ ആളുകൾ ആശ്രയിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണം.
ഇനി ഇപ്പറഞ്ഞ അനൗദ്യോഗിക സൂചകങ്ങൾക്കൊന്നും സ്റ്റാൻഡേർഡ് ഇക്കണോമിക് ചാർട്ടുകൾക്ക് പകരമാകില്ലെങ്കിലും സാമ്പത്തിക മാന്ദ്യത്തിൽ ഒരു മുൻ കരുതലെടുക്കാൻ ഇവ ഉപകരിച്ചേക്കും.

