കെ.വൈ.സി വളരുന്നു; കോടികൾ മറിയുന്ന വ്യവസായം, ഭരിക്കുന്നതാര്...?
text_fieldsമുംബൈ: രണ്ട് വാക്കുകളാണ് ഡിജിറ്റൽ ഇന്ത്യക്ക് ഇന്ധനം പകരുന്നത്. കെ.വൈ.സിയും ഒ.ടി.പിയും. നോ യുവർ കസ്റ്റമർ, വൺ ടൈം പാസ്വേഡ് എന്നിവയുടെ ചുരുക്കപ്പേരുകളാണവ. രണ്ട് പദങ്ങൾക്ക് അപ്പുറം കോടികൾ മാറിമറിയുന്ന വ്യവസായങ്ങളായി ഇവ മാറി. ഒരു തിരിച്ചറിയൽ രേഖ എന്നുള്ളതിൽനിന്ന് വളർന്ന് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തിയുടെ സ്വഭാവം മനസിലാക്കാൻ കഴിയുന്ന തരത്തിലേക്ക് കെ.വൈ.സി വളർന്നു. ഓരോ വർഷവും 17 കെ.വൈ.സി സ്റ്റാർട്ട്അപ്പുകൾ ഇന്ത്യയിൽ തുടങ്ങുന്നുവെന്നാണ് കണക്ക്. കെ.വൈ.സി സോഫ്റ്റ് വെയർ നിർമിക്കുന്ന 227 ലേറെ സ്റ്റാർട്ട്അപ്പുകളാണ് രാജ്യത്തുള്ളത്. കെ.വൈ.സിമായി ബന്ധപ്പെട്ട് ഇത്രയേറെ കമ്പനികളുള്ള രാജ്യം വേറെയില്ല. ഇന്ത്യയുടെ തൊട്ട പിന്നിലുള്ളത് യു.എസും അതിന് പിന്നിൽ യു.കെയുമാണ്.
നിരാശയിൽനിന്ന് പുതിയ ആശയം
ഒരു സ്ഥാപനത്തിനും ഒരാളുടെയും ഐഡന്റിറ്റി മനസിലാക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു. അന്ന്, വ്യാജ ബയോഡാറ്റകളുടെയും രേഖകളുടെയും കുത്തൊഴുക്കാണ് അനുഭവപ്പെട്ടത്. രേഖകൾ ശരിയാണോയെന്ന പരിശോധനകൾ പോലും വിശ്വസിക്കാൻ കൊള്ളില്ലായിരുന്നു. അങ്ങനെ നിരാശയിൽനിന്നാണ് രൂപംകൊണ്ടതാണ് കെ.വൈ.സി എന്ന ആശയം. വ്യക്തി വിവരങ്ങൾ ഡിജിറ്റലായി പരിശോധിക്കുന്ന സംവിധാനത്തെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കാലമായതിനാൽ ഈ സാങ്കേതികവിദ്യയെ ആരും ഗൗനിച്ചില്ല. ഡിജിറ്റൽ ഐഡന്റിറ്റിയുടെ വ്യവസായ സാധ്യതകൾ തിരിച്ചറിഞ്ഞത് വിരലിലെണ്ണാവുന്ന കമ്പനികൾ മാത്രം.
ഐ.ടിയെ പിന്നിലാക്കി കുതിപ്പ്
233.21 കോടി രൂപയാണ് രാജ്യത്തെ ഡിജിറ്റൽ കെ.വൈ.സി വ്യവസായത്തിന്റെ വിപണി മൂല്യം. 2033 ഓടെ അഞ്ച് മടങ്ങ് വളർച്ച കൈവരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതായത് 1,235.34 കോടി രൂപയുടെ മൂല്യത്തിലേക്ക് വളരും. ഓരോ വർഷവും 20.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്ന കെ.വൈ.സി ബിസിനസ്, ഫിൻടെക് (15-18 ശതമാനം), ഇ-കൊമേഴ്സ് (12-15) തുടങ്ങിയ മേഖലയേക്കാൾ അതിവേഗമാണ് കുതിക്കുന്നത്. ഏഴ് മുതൽ 10 ശതമാനം വരെ വളർച്ച നേടുമെന്ന് പറയുന്ന ഇന്ത്യയുടെ പാരമ്പര്യ വ്യവസായമായ ഐ.ടിയെ പോലും പിന്തള്ളിയാണ് കെ.വൈ.സിയുടെ കുതിപ്പ്. 83 കെ.വൈ.സി സ്റ്റാർട്ട്അപ്പുകൾക്ക് കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചു. 31 കമ്പനികൾ മികച്ച വരുമാനമുള്ളവയായി വളർന്നു പന്തലിച്ചു. പ്രോട്ടീൻ, ഐഡിഫൈ, ഓത്ബ്രിഡ്ജ്, പെർഫിയോസ് തുടങ്ങിയ നാല് കമ്പനികൾ വാഴുന്ന ലോകമാണ് ഡിജിറ്റൽ കെ.വൈ.സി വ്യവസായം. കെ.വൈ.സി വിപണിയെ കുറിച്ച് പഠിച്ച ഗവേഷണ സ്ഥാപനമായ ഇമാർക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് അത്ഭുതപ്പെടുത്തുന്ന ഈ കണക്കുകളുള്ളത്.
ചിത്രം മാറ്റിമറിച്ച ഐഡിഫൈ
രാജ്യത്തെ ഐഡന്റിറ്റി വെരിഫിക്കേഷൻ വ്യവസായത്തിന്റെ പരിണാമത്തിനൊപ്പം പിച്ചവെച്ച കമ്പനിയാണ് ഐഡിഫൈ. ഊഹാപോഹങ്ങളെ മാത്രം ആശ്രയിക്കുന്ന ലോകത്ത് കൃത്യവും വിശ്വാസ്യ യോഗ്യവുമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ‘ട്രസ്റ്റ് ബ്രോക്കർ’ ആകാനായിരുന്നു 2011 ൽ ഐഡിഫൈയുടെ ശ്രമം. 14 വർഷങ്ങൾ കടന്നുപോയപ്പോൾ ഡിജിറ്റൽ ഐഡന്റിറ്റി വ്യവസായത്തിന്റെ ചിത്രം വ്യക്തമായി. അതികായനായ ഐഡിഫൈ ഇന്ന് വിഡിയോ കെ.വൈ.സി രംഗത്തെ ഏറ്റവും ശക്തമായ കമ്പനികളിലൊന്നാണ്. 6.5 കോടി കെ.വൈ.സി വെരിഫിക്കേഷനാണ് ഒരോ മാസവും ഏഴ് രാജ്യങ്ങളിലായി ഈ കമ്പനി പൂർത്തിയാക്കുന്നത്. ഇതിലൂടെ വർഷം 188 കോടിയോളം രൂപയാണ് കമ്പനിയുടെ അക്കൗണ്ടിലേക്ക് വരുന്നത്. ഐഡിഫൈയുടെ വളർച്ച ലോകത്തെ നിക്ഷേപകരുടെ കണ്ണുതള്ളിച്ചു. ബ്ലൂം വെഞ്ച്വേഴ്‌സ്, എലെവ്8 വെഞ്ച്വർ പാർട്‌ണേഴ്‌സ്, അനലോഗ് ക്യാപിറ്റൽ, ടെനാസിറ്റി വെഞ്ച്വേഴ്‌സ്, ട്രാൻസ്‌യൂനിയൻ, ഇന്ത്യാമാർട്ട് തുടങ്ങിയ വൻകിട നിക്ഷേപകർ ഐഡിഫൈയുമായി കൈകോർത്തു. 532 കോടി രൂപയാണ് ഈ കമ്പനികൾ ചേർന്ന് നിക്ഷേപിച്ചത്. ട്രാക്ക്എക്സ്എനിന്റെ കണക്ക് പ്രകാരം ഇന്ന് 1122 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് ഐഡിഫൈ.
പേപ്പറിൽനിന്ന് പവർ ഹൗസിലേക്ക്
2015 ഓടെ ബാങ്കുകൾ അവരുടെ ഓഫിസുകൾ ആധുനികവത്കരിച്ചിരുന്നു. കോർ ബാങ്കിങ് സെൻട്രലൈസ് ചെയ്തു. ഇടപാടുകൾ കൃത്യ സമയത്ത് നടക്കാൻ തുടങ്ങി. കുന്നുകൂടിയ ക്രെഡിറ്റ് ഡാറ്റയിലൂടെ അൽഗോരിതങ്ങൾ കടന്നുപോയി. കാര്യങ്ങൾ ഇങ്ങനൊയെക്കെ ആയിരുന്നിട്ടും ഒരു പുതിയ ഉപഭോക്താവിനെ സ്വീകരിക്കുമ്പോൾ പഴഞ്ചൻ രീതികൾ തന്നെയാണ് പിന്തുടർന്നിരുന്നത്. കെ.വൈ.സി എന്നത് നിരവധി ചോദ്യങ്ങൾ നിറഞ്ഞ ഫോറങ്ങൾ പൂരിപ്പിച്ചുനൽകുകയും നീണ്ട വരിയിൽ കാത്തുനിൽക്കേണ്ടിയും വന്നു. ഒപ്പം മടുപ്പിക്കുന്ന പേപ്പർ പരിശോധനയും വേണ്ടി വന്നു.
ഈ നീണ്ട പ്രകൃയക്ക് വിരാമമിടാൻ ബംഗളൂരു ആസ്ഥാനമായ ടെക് സ്റ്റാർട്ട്ആപ് സൈൻസി ഒരു പരീക്ഷണം തുടങ്ങി. പുതിയ ഉപഭോക്താവിനെ ചേർക്കുന്ന രീതികൾ ഒരു സോഫ്റ്റ്വെയറിൽ ചെയ്യുകയായിരുന്നു പദ്ധതി. ബ്രാഞ്ചുകൾ സ്ഥാപിക്കാൻ കോടികൾ ചെലവിടാതെ വിദൂര ദേശത്തുള്ള ഉപഭോക്താക്കൾക്ക് എങ്ങനെ ബാങ്കിങ് സേവനങ്ങൾ എത്തിക്കുമെന്നായിരുന്നു ഈ സമയത്ത് ഐഡിഫൈയുടെ ആലോചനയെന്ന് സ്ഥാപകനായ അശോക് ഹരിഹരൻ ഓർക്കുന്നു. 2016ൽ വിഡിയോ കെ.വൈ.സി ജന്മം കൊണ്ടതോടെയാണ് ഡിജിറ്റൽ ഐഡന്റിറ്റി വെരിഫിക്കേഷൻ രംഗത്ത് മുന്നേറ്റമുണ്ടായത്. ഒരു ബാങ്ക് ബ്രാഞ്ചിന് പകരംവെക്കാൻ ഒരു വിഡിയോ കാൾ മതിയെന്നായി. ഉപഭോക്താവ് ഫോൺ കാമറയിൽ നോക്കി അനുമതി നൽകുന്നതോടെ മിനിട്ടുകൾക്കകം ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി.
ബില്യൺ ഡോളർ ബിസിനസ്
ഉദ്യോഗസ്ഥ തടസ്സങ്ങളെ മറികടക്കാൻ സമർത്ഥമായ കുറുക്കുവഴിയായി തുടങ്ങിയത് വൈകാതെ ഒരു ബില്യൺ ഡോളർ മൂല്യമുള്ള ആശയമായി വളർന്നു. നിക്ഷേപകരെ ആകർഷിക്കുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഘടനയെ തന്നെ പുനർനിർവചിക്കുകയും ചെയ്തു. ആദ്യമൊന്നും വിഡിയോ കെ.വൈ.സിയിലേക്ക് പൂർണമായും മാറാൻ ബാങ്കിങ് റെഗുലേറ്റർമാർ തയാറായിരുന്നില്ല. എന്നാൽ, കെ.വൈ.സി പരീക്ഷിക്കാൻ ബ്രോക്കർമാർക്കും മ്യൂച്ച്വൽ ഫണ്ടുകൾ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പച്ചക്കൊടി കാണിച്ചു. 2020 ജനുവരിയോടെ സ്വന്തം നിയമങ്ങൾ തന്നെ മാറ്റിയെഴുതി വിഡിയോ കെ.വൈ.സിയെ റിസർവ് ബാങ്ക് സ്വാഗതം ചെയ്തു.
നൂറുകോടിയിലേറെ വരുന്ന ജനതയുടെ ആശയ അഭിലാഷങ്ങളെ ആധാറും യു.പി.ഐയും മൊബൈൽ ഇന്റർനെറ്റും പുനർനിർമിക്കുന്നതാണ് പിന്നീട് കണ്ടത്. എല്ലാ കുരുക്കുകളും അഴിച്ച് വിശ്വാസത്തിന്റെ പുതുലോകം കെട്ടിപ്പടുക്കാൻ കെ.വൈ.സി കമ്പനികൾക്ക് സാധിച്ചു. സ്വകാര്യ ഓഹരി നിക്ഷേപക കമ്പനികളുടെ ചങ്കായി ഈ കമ്പനികൾ മാറി. ഈ വർഷത്തോടെ ഐഡന്റിറ്റി വെരിഫിക്കേഷൻ സ്റ്റാർട്ട് അപ്പുകൾ 984 കോടി രൂപയുടെ നിക്ഷേപമാണ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

