കൃഷിയെ ജീവനായി സ്നേഹിച്ചു; സമ്മാനമായി സംസ്ഥാന പുരസ്കാരവും
text_fieldsതിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന ചുണ്ട, കച്ചോലം തുടങ്ങി ഏതുതരം ചെടിയും പരിപാലിച്ച് ഹരികേശൻ നായർ തന്റെ പറമ്പിൽ വളർത്തിയെടുക്കും. മണക്കാട് ശ്രീനഗർ സമാധിത്തോപ്പിലെ ശ്യാമള നിവാസിൽ ആകെയുള്ള പത്ത് സെന്റിൽ വീടിന്റെ മട്ടുപ്പാവും പറമ്പും നിറയെ കൃഷിയാണ്. മണ്ണിനെയും കൃഷിയെയും എത്ര കണ്ട് സ്നേഹിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് ആ 10 സെന്റിലുള്ള പച്ചക്കറികളും 50 തരം ഫലവൃക്ഷങ്ങളും കിഴങ്ങുവർഗവും നെൽക്കൃഷിയും പുഷ്പക്കൃഷിയുമൊക്കെ. ഒന്നിലും രാസവളമോ മറ്റ് മിശ്രിതങ്ങളോ ചേർക്കില്ല.
ജൈവവളം മാത്രമാണ് കൂട്ട്. കുട്ടിക്കാലം മുതൽ കൃഷിയെ സ്നേഹിച്ച ഹരികേശൻ നായർ ബാങ്ക് ഒഫ് ബറോഡ ജീവനക്കാരനായപ്പോഴും ആ ശീലം വിട്ടില്ല. 21 വർഷമായി കൃഷിയിൽ സജീവമായ അദ്ദേഹത്തെ തേടി ഒടുവിൽ സംസ്ഥാന പുരസ്കാരം എത്തി. ചിങ്ങം ഒന്നിനോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പ് പ്രഖ്യാപിച്ച പുരസ്കാരങ്ങളില് മികച്ച പോഷകത്തോട്ടത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
ജോലിയിൽ നിന്ന് 2019ൽ വിരമിച്ച ശേഷം മുഴുവൻ സമയ കൃഷിക്കാരനായ ഹരികേശൻ നായർ ഒരു സാമൂഹിക പ്രവർത്തകനുമാണ്. വീട്ടിലെത്തുന്നവർക്കും ബന്ധുക്കൾക്കുമൊക്കെ സൗജന്യമായി വിഷരഹിതമായ പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ നൽകും. രാവിലെ ആറിന് കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങുമ്പോൾ സഹായിയായി കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടായി വിരമിച്ച ഭാര്യ ശ്രീകലയുമുണ്ടാകും. മകൾ അപർണ വിവാഹിതയായി യു.കെയിലാണ്. പത്മകുമാറാണ് മരുമകൻ. മകൻ അനന്ദു കെ.എ.എസ് പരിശീലനത്തിലാണ്. കർഷകപ്രേമിയായ ഹരികേശൻനായർക്ക് സഹോദരി പൂനയിൽ നിന്ന് സമ്മാനമായി കൊണ്ടുവന്നത് ചെറി ടൊമാറ്റോയുടെ വിത്തുകളായിരുന്നു. അടുത്തിട വിയറ്റ്നാം യാത്രയിൽ കൂടെക്കൂട്ടിയ പ്ലം മരം വളർന്ന് പന്തലിക്കുന്ന സന്തോഷത്തിലാണ്.

