എ.ഐ സാങ്കേതികതയിൽ കൃഷി; നെടുമങ്ങാട്ട് കൃഷിയിടങ്ങള്‍ ഇനി സ്മാര്‍ട്ടാകും
text_fieldsനെടുമങ്ങാട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതല്‍ ലളിതവും ആയാസരഹതിവും ലാഭകരവുമാക്കാനൊരുങ്ങുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. സ്മാര്‍ട്ട് ഫാമിങ്ങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിൽ ഇത് കൂടുതല്‍ ആളുകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നത്.
കിലയുടെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും സഹകരണത്തോടെ പനവൂര്‍, ആനാട്, അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത 40 കര്‍ഷകരാണ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം സ്മാര്‍ട്ട് ഫാമിങ് രീതികള്‍ നടപ്പാക്കിയത്. ഇതിനായി ഓരോ കര്‍ഷകനും ഓരോ സെന്റ് വീതം ഭൂമിയില്‍ പരമ്പരാഗത കാര്‍ഷികരീതിയിലും സ്മാര്‍ട്ട് ഫാമിങ് രീതിയിലും ഒരേസമയം കൃഷി ചെയ്യുകയായിരുന്നു.
വിളവുകള്‍ തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ സ്മാര്‍ട്ട് ഫാമിങ്ങിൽ വിളവുല്പാദനം 200 ശതമാനത്തിലധികമായിരുന്നു. വളത്തിന്റെ ഉപയോഗം പരമ്പരാഗത കൃഷി രീതിയിലേക്കാൾ കുറയ്ക്കുവാനും കഴിഞ്ഞു. മനുഷ്യ പ്രയത്നം പരമാവധി ലഘൂകരിച്ച്, കൃഷിയിടങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്മാര്‍ട്ട് ഫാമിങ്ങ്. ഡാറ്റാ അനലിറ്റിക്സ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് പ്രവചനങ്ങള്‍ നടത്താനും മികച്ച തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുമെന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
രാസവളങ്ങളുടെയും ജലത്തിന്റെയും അമിത ഉപയോഗം തടയുവാനും വായു, മണ്ണ്, ജല മലിനീകരണം എന്നിവ തടയുന്നതിനും സാധിക്കുന്നു. രണ്ട് ഉപകരണങ്ങളാണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനത്തിലെ (സി.റ്റി.സി.ആര്.ഐ) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് വി.എസ് സന്തോഷ് മിത്ര വികസിപ്പിച്ചെടുത്ത സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഇ-ക്രോപ്പ് ഡിവൈസും സ്മാര്‍ട്ട് ഫെര്ട്ടിഗേഷന് ഡിവൈസും.
ഇതിൽ ഇ-ക്രോപ്പ് ഡിവൈസിലൂടെ 20 കിലോമീറ്റര്‍ ചുറ്റളവിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്നതിനൊപ്പം കൃഷി സംബന്ധമായ മികച്ച നിര്‍ദ്ദേശങ്ങള്‍, കൃഷിക്കാവശ്യമായ മൂലകങ്ങളുടെയും ജലത്തിന്റെയും അളവ്, പരിപാലന രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും കര്‍ഷകരുടെ മൊബൈലില്‍ ലഭ്യമാക്കാനാവും. ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റത്തോടുകൂടിയാണ് സ്മാര്‍ട്ട് ഫെര്ട്ടിഗേഷന് ഡിവൈസ് സ്ഥാപിക്കുക ബ്ലോക്കിന് കീഴിൽ വരുന്ന അഞ്ച് പഞ്ചായത്തിലെ 98 വാർഡിലും ഈ കൃഷി രീതി നടപ്പാക്കുമെന്ന് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് വി. അമ്പിളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

